കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊലീസുകാരുടെ തപാൽ വോട്ടിൽ തിരിമറിയുണ്ടായെന്ന ആര ോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. ഈ മാ സം 18ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. നിർണായക വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ലഭിച്ചാലേ അന്വേഷണം പൂർണമാകൂവെന്ന് സ്റ്റേറ്റ് അറ്റോണി കെ.വി. സോഹൻ അറിയിച്ചു. ഇതോടെയാണ് കൂടുതൽ സമയം അനുവദിച്ചത്.
സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്.
വിവരങ്ങൾക്കായി ക്രൈംബ്രാഞ്ച് എസ്.പി 20 മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫിസർമാർക്ക് കത്തയച്ചതായി തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. വിവരങ്ങൾ നൽകാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഉത്തരവ് വേണമെന്ന് കൊല്ലം, തിരുവനന്തപുരം റിട്ടേണിങ് ഓഫിസർമാർ മറുപടി നൽകി. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് 16 പേരുടെ മൊഴി രേഖപ്പെടുത്തി. 20 ലോക്സഭ മണ്ഡലങ്ങളിലെ ഏഴുവീതം നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള രേഖകൾ 140 അസി. റിട്ടേണിങ് ഓഫിസർമാരിൽ നിന്നും 20 റിട്ടേണിങ് ഓഫിസർമാരിൽനിന്നും ലഭിക്കണം. 56 അസി. റിട്ടേണിങ് ഓഫിസർമാരിൽനിന്നേ മറുപടി ലഭിച്ചിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ കൂടുതൽ സമയം വേണമെന്നാണ് പൊലീസ് കോടതിയിൽ അഭ്യർഥിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ ചീഫ് ഇലക്ടറൽ ഓഫിസർ, റിട്ടേണിങ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടോയെന്ന് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷനും കോടതിയെ അറിയിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട പൊലീസുകാരനെ ചോദ്യം െചയ്തിട്ടുണ്ട്. സഹപ്രവർത്തകരോട് പോസ്റ്റൽ ബാലറ്റ് അയാളെ ഏൽപിക്കാൻ പറഞ്ഞ് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത മൊബൈൽ ഫോണിെൻറ സൈബർ ഫോറൻസിക് പരിശോധനഫലം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.