തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ അമ്പലപ്പുഴ സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവെച്ച സംഭവത്തിൽ തന്‍റെ ഔദ്യോഗിക വസതിക്കുനേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നിർദേശപ്രകാരം നടന്ന ആക്രമണമാണിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഔദ്യോഗിക വസതിക്കുനേരെ കുറേ ആളുകൾ വന്ന് അതിക്രമം നടത്തിയിരിക്കുന്നു. ഗേറ്റ് ഇളക്കുകയും ഗാർഡിനെ ആക്രമിക്കുകയും ചെയ്തു. എന്തിനാണ് അവർ എനിക്ക് നേരെയും വീടിന് നേരെയും ആക്രമണം നടത്തുന്നത്? ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രശ്നത്തിൽ ആരോഗ്യ മന്ത്രി ചെയ്യേണ്ടതായി കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടല്ലോ. മണിക്കൂറുകൾക്കകം നടപടിയെടുത്തു, കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വി.ഡി. സതീശന്‍റെ നിർദേശപ്രകാരം നടന്ന ആക്രമണമാണ് -വീണ ജോർജ് കുറ്റപ്പെടുത്തി.
ഇന്ന് രാവിലെയാണ് ആരോഗ്യ മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചത്. പൊലീസ് കമീഷണറുടെ ഓഫീസിന് സമീപത്തെ ഈ വസതിയിൽ ഈ സമയം രണ്ട് പൊലീസുകാർ മാത്രമായിരുന്നു സുരക്ഷക്ക് ഉണ്ടായിരുന്നത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലെ സംഘമാണ് 2021 മേയ് 12-ന് 51കാരിയായ ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നടത്തിയത്.
ഉഷാ ജോസഫിന്‍റെ ഭർത്താവ് ജോസഫ് നൽകിയ പരാതിയിൽ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വിഷയത്തില്‍ വിചിത്ര പ്രതികരണം ഡോ. ലളിതാംബിക നടത്തിയിരുന്നു. താനല്ല ശസ്ത്രക്രിയ നടത്തിയതെന്നും അഞ്ചല്ല 50 കൊല്ലം കത്രിക ഉള്ളില്‍ ഇരുന്നാലും ഒരു പ്രശ്നവും ഇല്ലെന്നും ഇത് എപ്പോള്‍ വെച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡോ. ലളിതാംബികയുടെ പ്രതികരണത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തുവന്നിരുന്നു. സ്വന്തം തൊഴിലിനോടുള്ള അനാദരവാണ് ലളിതാംബികയുടെ പ്രതികരണത്തിലുള്ളതെന്നും എത്ര നിസാരമായാണ് വിഷയം കൈകാര്യം ചെയ്യുന്നത് എന്നതിന്റെയും ഉത്തരവാദിത്തം ഇല്ലായ്മയുടെയും ഉദാഹരണമാണിതെന്നും മന്ത്രി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.