വയറ്റിലെ ‘കത്രിക’യുടെ എക്സ്റേയുമായി ഉഷ ജോസഫ്
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രിക്രിയക്ക് വിധേയയായ 59കാരി ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച കൊച്ചി അമൃത ആശുപത്രിയിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശസ്ത്രക്രിയ തീരുമാനിച്ചത്.
പുന്നപ്ര സ്വദേശിക്കാണ് ശസ്ത്രക്രിയയിലെ വീഴ്ച കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. അഞ്ച് വർഷം മുമ്പ് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായ ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങുകയായിരുന്നു. കെ.സി. വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, ശസ്ത്രിക്രിയക്ക് വിധേയയായ 59കാരിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
അതിനിടെ, ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയുമായി ആരോഗ്യ വകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും ആരോഗ്യ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചുവർഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയായ ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്നത്തെ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന് നാലംഗ സമിതി റിപ്പോർട്ട്. വിഷയം വിവാദമായതോടെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാറിന്റെ നിർദേശപ്രകാരം ആഭ്യന്തരമായി നിയോഗിച്ച മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.
അന്വേഷണ റിപ്പോർട്ട് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷന്‍ (ഡി.എം.ഇ) കൈമാറി. അതിനിടെ, ആരോഗ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വിഗ്ദധ സംഘവും മെഡിക്കൽ കോളജിലെത്തി വിവരങ്ങൾ തേടി. ഇവരുടെയും റിപ്പോർട്ട് പരിഗണിച്ചാവും തുടർ നടപടി.
കോവിഡു കാലമായതിനാൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും പി.പി.ഇ കിറ്റും ഷീൽഡും ധരിച്ചാണ് മെഡിക്കൽ സംഘം അന്ന് ശസ്ത്രക്രിയ നടത്തിയതെന്നും പരിമിതികളിൽ നിന്നും കാര്യങ്ങൾ നന്നായി ചെയ്തുവെന്നാണ് ഡോക്ടർമാരും നഴ്സുമാരും മൊഴി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ടീം വർക്കിന്റെ കാര്യത്തിൽ വീഴ്ചയുണ്ടായെന്നും ഇത് സംഭവിക്കാൻ പാടില്ലാത്തതുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡോ. ലളിതാംബികയുടെ യൂനിറ്റിന് കീഴിൽ അസിസ്റ്റന്റ് ഡോ. ഷാഹിദയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.