ചൂട് കൂടുന്നു; ഉരുകി നാട്
തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ ചൂട് ക്രമാതീതമായി വർധിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷം മേഘാവൃതമാണെങ്കിലും വായുവിൽ ഈർപ്പം കൂടുതലായതിനാൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. യു.വി സൂചികയും ഉയർന്നുതുടങ്ങി. ഈ മാസം എട്ടുവരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൂടും അന്തരീക്ഷ ഈർപ്പവും കൂടിയ സ്ഥിതി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയെക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ പുനലൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്- 36.2 ഡിഗ്രി ( 4.7 കൂടുതൽ). കോട്ടയത്ത് 34.5 ഡിഗ്രിയും പാലക്കാട് 34.4 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. രാജ്യത്ത് കാലവർഷം പിൻമാറൽ സൂചനകൾ കാണിച്ചിട്ടില്ല. രാജസ്ഥാനിൽ തുടങ്ങി ഏറ്റവുമൊടുവിൽ കേരളത്തിലാണ് കാലവർഷം അവസാനിക്കാറ്. പതിവുപോലെ ഒക്ടോബർ പകുതി വരെ കാലവർഷം നിലനിൽക്കുമെന്നാണ് കരുതുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെ മൂന്നുമാസ കാലയളവിൽ ആകെ പെയ്യേണ്ട മഴയിൽ 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ മാത്രം പെയ്ത 15 ശതമാനം അധികമഴയാണ് സംസ്ഥാനത്തിന് രക്ഷയായത്. 2021ലാണ് ഇതിനുമുമ്പ് 22 ശതമാനം കുറവ് രേഖപ്പെടുത്തിയത്. 2023ൽ 48 ശതമാനവും 2024, 2025 വർഷങ്ങളിൽ 11 ശതമാനവും മഴ കുറവായിരുന്നു. പ്രളയ വർഷമായ 2018 ൽ 35 ശതമാനം അധികമഴയാണ് കിട്ടിയത്. 2019ൽ അഞ്ചുശതമാനം മഴ അധികം കിട്ടിയപ്പോൾ തുടർന്നുവന്ന 2020ൽ ഒമ്പത് ശതമാനം മഴ കുറഞ്ഞു.
2027 ഫെബ്രുവരി വരെ എൽനിനോ അതിശക്തമായി തുടരാൻ സാധ്യതയെന്ന് ലോക കാലാവസ്ഥ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണമേഖല പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുന്നത് എൽനിനോ കൂടുതൽ ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണ്.
യു.വി സൂചിക മൂന്നാറിൽ 11
ഞായറാഴ്ച മൂന്നാറിൽ അൾട്രാ വയലറ്റ് സൂചിക (യു.വി സൂചിക) അതിതീവ്ര അവസ്ഥയിലുള്ള 11 (റെഡ് അലെർട്ട്) രേഖപ്പെടുത്തി. ശനിയാഴ്ചയും മൂന്നാറിൽ 11 ആയിരുന്നു യു.വി സൂചിക. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തൃത്താല എന്നിവിടങ്ങളിൽ ഒമ്പതും ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ എട്ടും അടയാളപ്പെടുത്തി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഉപയോഗം കൂടി; കൂടുതൽ വൈദ്യുതിക്ക് ശ്രമം
തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവിൽ വർധന വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വീണ്ടും വർധിച്ചു തുടങ്ങി. ആവശ്യകതയെക്കാൾ ദിവസം 700 മെഗാവാട്ടിന്റെ വരെ കുറവ് അനുഭവപ്പെടുകയാണ്. നിയന്ത്രണം ഏർപ്പെടുത്തിയാണ് ഇത് മറികടക്കുന്നത്. ഞായറാഴ്ച നിയന്ത്രണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൽക്കരി ക്ഷാമം സംസ്ഥാനത്തിന് പുറത്തുള്ള താപനിലയങ്ങളുടെ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ കനത്ത മഴ കൽക്കരി ഖനികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത് രൂക്ഷമായാൽ സംസ്ഥാനത്ത് കൂടുതൽ പ്രത്യാഘാതമുണ്ടാകും.
സംസ്ഥാനത്തെ വൈദ്യുതിയുടെ കുറവ് മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന്റെ അനുമതി തേടിയിട്ടുണ്ട്. ഇത് ലഭിച്ചാലും നിയന്ത്രണം പൂർണമായി ഒഴിവാക്കുക പ്രയാസമാകും. വൻ വില കൊടുത്ത് വാങ്ങിയാൽ പിന്നീട് ഉപഭോക്താക്കൾക്ക് വൻ സാമ്പത്തിക ഭാരം സൃഷ്ടിക്കും. യൂനിറ്റിന് പത്ത് രൂപയിൽ കൂട്ടി വാങ്ങാൻ പാടില്ലെന്ന് റെഗുലേറ്ററി കമീഷൻ നിർദേശിച്ചിട്ടുണ്ട്. കടംമാറ്റ കരാർ പ്രകാരം വൈദ്യുതി മടക്കിക്കൊടുക്കേണ്ട ബാധ്യത സെപ്റ്റംബറോടെ തീരും. അതോടെ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മടക്കിക്കൊടുക്കാമെന്ന വ്യവസ്ഥയിൽ മിച്ചമുള്ള സംസ്ഥാനങ്ങളിൽനിന്നും വാങ്ങാനും ആരംഭിച്ചിട്ടുണ്ട്. അടുത്ത തുലാവർഷത്തിലാണ് ബോർഡിന്റെ പ്രതീക്ഷകൾ. മെച്ചപ്പെട്ട മഴ കിട്ടി സംഭരണികൾ നിറഞ്ഞാൽ പുറത്തുനിന്ന് ലഭിക്കുന്നതിൽ തടസ്സമൊന്നുമില്ലെങ്കിൽ നിന്ത്രണമില്ലതെ തുടരാനാകും.
പരീക്ഷക്കാലം, വേനൽ, ക്രിസ്തുമസ് അടക്കം ആഘോഷങ്ങൾ വരുന്നതിനാൽ ഇപ്പോൾ സംഭരണികളിലുള്ള വെള്ളം കരുതിവെക്കേണ്ടതുണ്ട്. വേനലാകുമ്പോൾ പുറത്തുനിന്നുള്ള വൈദ്യുതിക്ക് വില കുതിച്ചുയരും. അപ്പോൾ കൂടുതൽ വാങ്ങുന്നത് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കും.
ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 95.39 ദശലക്ഷം യൂനിറ്റായിരുന്നു. ഭാഗിക നിയന്ത്രണം കൂടി ഉണ്ടായിട്ടാണ് ഇത്രയും വേണ്ടി വന്നത്. ഇതിൽ 64.84 ഉം പുറത്തുനിന്ന് കൊണ്ടുവന്നതാണ്. ആഭ്യന്തര ഉൽപാദനം 26.82 ദശലക്ഷം യൂനിറ്റ് മാത്രവും. സംസ്ഥാനത്തെ എല്ലാ സംഭരണികളിലുമായി 2648.42 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ട്. ഇത് ആകെ സംഭരണ ശേഷിയുടെ 64 ശതമാനം മാത്രമാണ്.
കഴിഞ്ഞ വർഷം ഇതേസമയം 3332 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. 684.15 ദശ ലക്ഷം യൂനിറ്റിന്റെ കുറവുണ്ട്. സെപ്റ്റംബറിൽ ആറാം തീയതി വരെ 162 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും 91.65 മാത്രമാണ് കിട്ടിയത്. നീരൊഴുക്ക് തീരെ കുറഞ്ഞു. ഇന്നലെ 17.17 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ലഭിച്ചത്.
സെപ്റ്റംബറിലേക്ക് വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറിന് രണ്ടുതവണ ടെന്ഡര് വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. ആദ്യം യൂനിറ്റിന് 12.98 രൂപയാണ് ക്വാട്ട് ചെയ്തത്. വീണ്ടും ടെൻഡർ വിളിച്ചെങ്കിലും കമ്പനികളുടെ പ്രതികരണമുണ്ടായില്ല.
25 മെഗാവാട്ടിനുള്ള കരാർ മാത്രമാണ് ഇതുവരെ ആയത്. 100 മെഗാവാട്ടിനായി 9.15 പൈസയുടെ ടെൻഡറിനും കമീഷൻ അനുമതി പ്രതീക്ഷിക്കുകയാണ്. മടക്കി നൽകാമെന്ന വ്യവസ്ഥയിൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും ബോർഡ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.