ചിറയിൻകീഴിലെ കയ്യാങ്കളി: കമ്മീഷന് മുന്നിൽ ഒളിച്ചുകളിച്ച് രമ്യ ഹരിദാസ്; പാലക്കാട്ട് കെ.സിയുമായി കൂടിക്കാഴ്ച നടത്തി?
പാലക്കാട്: ചിറയിൻകീഴിലെ അടിപിടി സംഭവത്തിൽ അന്വേഷണ കമ്മീഷന് മുന്നിൽ രമ്യ ഹരിദാസ് ഹാജരാകാതിരുന്നതിൽ ദുരൂഹത. ഇന്നലെ ഡൽഹിയിലായിരുന്നുവെന്നാണ് രമ്യ പാർട്ടിയെ അറിയിച്ചിരുന്നത്. എന്നാൽ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട്ടുണ്ടായിരുന്നുവെന്നാണ് വിവരം. പാലക്കാട് വെച്ച് കെ.സി. വേണുഗോപാലുമായും രമ്യ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. പാലക്കാട് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനാണ് രമ്യ എത്തിയത്. സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര.
എം.എൽ.എ ഇന്നലെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല. രമ്യ ഹരിദാസ് ഡൽഹിക്ക് പോയതാണെന്നും തിരികെയെത്തിയ ശേഷം വിശദീകരണം തേടുമെന്നുമായിരുന്നു അന്വേഷണ കമ്മീഷൻ അധ്യക്ഷൻ എം.എം. ഹസ്സൻ ഇന്നലെ പ്രതികരിച്ചത്.
സംഭവത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് രമ്യാഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രതീപിനെയും കോൺഗ്രസ് പ്രാദേശിക നേതാവ് സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രമ്യാഹരിദാസ് ആണ് ആദ്യം അടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിട്ടും നടപടിയെടുക്കാത്തത് വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. അവരുടെ വിശദീകരണം കേട്ട ശേഷം തുടർനടപടിയെടുക്കുമെന്നായിരുന്നു ഇന്നലെ എം.എം. ഹസൻ അറിയിച്ചിരുന്നത്. രമ്യ ആദ്യമായല്ല ജനപ്രതിനിധിയാവുന്നതെന്നും പക്വതയില്ലാത്ത പെരുമാറ്റമാണ് എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഒരു വിഭാഗം നേതാക്കൾ വിമർശിക്കുന്നു. രമ്യക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
രമ്യ എന്തിനാണ് രാത്രി സജാദിന്റെ വീട്ടിൽ പോയെന്ന് ഇവർ ചോദിക്കുന്നു. എന്നിട്ടും രമ്യയെ ഒഴിവാക്കി കെ.പി.സി.സി നടപടിയെടുത്തു. രമ്യാ ഹരിദാസിനെതിരെ കർശന നടപടി വേണമെന്ന് സജാദിനെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
എം.എൽ.എയും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായത് കെ.പി.സി.സിക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. സംഭവം പൊതുജനമധ്യത്തിൽ പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. തുടർർന്നാണ് അടിയന്തര നടപടിയെടുത്തത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി സജാദിന്റെ വീട്ടിൽ വെച്ചായിരുന്നു രമ്യ ഹരിദാസ് എം.എൽ.എയും മറ്റ് പ്രവർത്തകരും തമ്മിൽ അടിയുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രാദേശിക നേതാക്കൾ മർദ്ദിച്ചെന്ന് രമ്യയും, എം.എൽ.എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിച്ചു.
ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നായിരുന്നു രമ്യ ഹരിദാസ് പറഞ്ഞത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങളായി കോൺഗ്രസ് പ്രവർത്തകർ മത്സരിച്ചു. ഇതിൽ കെ.പി.സി.സിയിൽ പരാതി കൊടുത്തിരുന്നുവെന്നും രണ്ട് വിഭാഗങ്ങളോടും താൻ സഹകരിച്ചില്ലെന്നും എം.എൽ.എ പറഞ്ഞു.
പാളയം പ്രതീപ് മണ്ഡലത്തിൽ അനധികൃതമായി ഇടപെടുന്നത് ചോദ്യംചെയ്ത് സജാദ് ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നുവെന്നും ഇതിന്റെ പേരിലാണ് പാളയം പ്രതീപിനൊപ്പം രമ്യാഹരിദാസ് സജാദിന്റെ വീട്ടിലെത്തിയതെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലവും ആരോപിച്ചിരുന്നു.
രമ്യ ഹരിദാസിന്റേത് അഭിനയമാണെന്നും തന്റെ കൈയിലാണ് എം.എൽ.എ പിടിച്ച് തിരിച്ചതെന്നുമായിരുന്നു സജിത്ത് പറഞ്ഞത്. എം.എൽ.എ തന്റെ കൈ പിടിച്ച് തിരിച്ചിട്ട് 'വിടെടാ' എന്ന് ബഹളം കൂട്ടുകയായിരുന്നുവെന്നും സജിത്ത് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.