അബ്ദുല്ല ബാസിൽ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് നിലപാട് ഉച്ചത്തിൽ പറയുന്ന ചെറുപ്പക്കാരൻ, കേസെടുത്തത് അംഗീകരിക്കാനാവില്ലെന്ന് റിജിൽ മാക്കുറ്റി

കണ്ണൂർ: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡൻറ്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ബാസിലിനെതിരെ കേസെടുത്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് അദ്ദേഹം എഫ്.ബിയിൽ കുറിച്ചു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് നിലപാട് ഉച്ചത്തിൽ പറയുന്ന ചെറുപ്പക്കാരനാണ് അബ്ദുല്ല ബാസിൽ. ചാനൽ ചർച്ചയിൽ ചാനൽ അവതാരക വർഗീയത പറഞ്ഞതിനെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ ബാസിലിനു നേരെ കേസെടുത്തത് ഒരിക്കലും അംഗീകരിക്കാനാവില്ല. കേസ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിലാണ് വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.

അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.

Tags:    
News Summary - FIR against Abdullah Basil, Congress leader Rijil Makutty protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.