കേരളത്തിന് തമിഴ് മാധ്യമങ്ങളുടെ പ്രശംസ

നാഗര്‍കോവില്‍: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ കേരള സര്‍ക്കാറും അവിടത്തെ പൊതുജനങ്ങളും സ്വീകരിച്ച സമീപനങ്ങള്‍ക്ക് തമിഴ് വാര്‍ത്താചാനലുകളിലും സോഷ്യല്‍ മീഡിയയിലും പ്രശംസ. മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മറ്റും എത്തിയിരുന്നു.

എന്നാല്‍, കേരളത്തില്‍നിന്ന് ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒന്നിച്ച് എത്തിയതാണ് സോഷ്യല്‍ മീഡിയക്ക് ആവേശമായത്. നേതാക്കളുടെ ഈ ഒരു കൂട്ടായ്മ മറ്റൊരു സംസ്ഥാനത്ത് ഉണ്ടാകുമോ എന്ന് അവര്‍ ചോദിക്കുന്നു, പ്രത്യേകിച്ച് തമിഴ്നാട്ടില്‍. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം മരിച്ചപ്പോള്‍ കേരള ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രാമേശ്വരത്തെ സംസ്കാരചടങ്ങുകള്‍ക്ക് എത്തിയപ്പോഴും സോഷ്യല്‍ മീഡിയ ഇതേചോദ്യം ഉന്നയിച്ചു.

ന്യൂസ് 18 തമിഴ്നാട് പ്രഭാത വാര്‍ത്താചര്‍ച്ചയില്‍ കേരളത്തിന്‍െറ ഒരുമയെക്കുറിച്ച് പ്രതിപാദിച്ചു. മറ്റൊരു ന്യൂസ് ചാനലായ പുതിയതലമുറയില്‍ കേരള സര്‍ക്കാര്‍ തമിഴ്നാട്ടിലെ പത്രങ്ങളില്‍ ബുധനാഴ്ച നല്‍കിയ പരസ്യമാണ് വാര്‍ത്തയാക്കിയത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് പരസ്യം നല്‍കിയത്. പരസ്യത്തില്‍ തമിഴ് കവി തിരുവള്ളുവരുടെ ഈരടികളില്‍ ഒന്നായ ‘വെള്ളത്തു അനൈയ മലര്‍ നീട്ടം മാന്ദര്‍ തം ഉള്ളത്ത് അനൈയത് ഉയര്‍വു’ (ജലാശയത്തില്‍ ജലത്തിന്‍െറ അളവ് അനുസരിച്ച് ജലപുഷ്പങ്ങളുടെ തണ്ട് ഉയര്‍ന്നുനില്‍ക്കുന്നപോലെ ജനത്തിന്‍െറ പിന്തുണ നേടുന്നവര്‍ ജനമധ്യത്തില്‍ ഉയര്‍ന്നു നില്‍ക്കും) നല്‍കിയതാണ് ചാനലിനെ ആകര്‍ഷിച്ചത്. ജയലളിതയുടെ വിയോഗത്തിന് മലയാളം വാര്‍ത്താമാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യവും എടുത്തുപറയുന്നുണ്ട്.

Tags:    
News Summary - tamil media prise kerala politicians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.