കോഴിക്കോട്: ഹരിത മുൻ സംസ്ഥാന നേതാക്കൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സീറ്റ് നൽകി മുസ്‌ലിം ലീഗ്.
ഫാത്തിമ തഹിലിയയെ കോഴിക്കോട് കോർപറേഷനിലേക്കും മുഫീദ തെസ്നിയെ വയനാട് ജില്ല പഞ്ചായത്തിലേക്കും നജ്മ തബ്ഷീറയെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് മത്സരിപ്പിക്കുന്നത്. നിലവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് നജ്മ. മുഫീദ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. തഹിലിയ ജനവിധി തേടുന്നത് ഇതാദ്യമായാണ്.
കോഴിക്കോട് കോർപറേഷനിൽ യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി കുറ്റിച്ചിറ ഡിവിഷനിൽനിന്നാണ് തഹിലിയ മത്സരിക്കുന്നത്. കഴിഞ്ഞ തവണ തിരൂർക്കാട് ഡിവിഷനിൽനിന്ന് ജയിച്ച നജ്മ പെരിന്തൽമണ്ണ ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷയാണ്. പ്രസിഡന്റ് സ്ഥാനാർഥിയായി ഇക്കുറി വലമ്പൂർ ഡിവിഷനിൽനിന്നാണ് മത്സരിക്കുന്നത്. വയനാട് ജില്ല പഞ്ചായത്തിലെ പുതിയ ഡിവിഷനായ തരുവണയിലെ സ്ഥാനാർഥിയാണ് മുഫീദ.
2021ലാണ് എം.എസ്.എഫിനെയും വനിത വിഭാഗമായ ഹരിതയെയും പിന്നാലെ ലീഗിനെയും പിടിച്ചുകുലുക്കിയ വിവാദമുണ്ടായത്. ഹരിതയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നജ്മയെ നവാസ് അധിക്ഷേപിച്ചെന്നായിരുന്നു പരാതി. നവാസിനെതിരെ ഹരിത നേതാക്കൾ നൽകിയ പരാതി പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.