'അന്ന് തലക്ക് കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം'; ഗവർണറെ പരിഹസിച്ച് ടി. സിദ്ദീഖ്

കൽപ്പറ്റ: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എൽ.എ. ജമാഅത്തുകാർ ദണ്ഡ് കൊണ്ട് തന്റെ തലക്കടിച്ചെന്ന ഗവർണറുടെ ആരോപണത്തിന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ട് അന്ന് തലക്ക് കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണമെന്നാണ് സിദ്ദീഖിന്റെ പരിഹാസം.

Full View

''അന്ന് തലക്ക് കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം. എവിടെയാ ഇരിക്കുന്നതെന്നറിയില്ല, എന്താ പറയുന്നതെന്നറിയുന്നില്ല... ജമാഅത്തുകാർ അഞ്ച്‌ അടിയാണത്രെ ഗവർണറുടെ തലക്ക് അടിച്ചത്‌..! ശ്രീ പിണറായി വിജയനും ഗവർണറും തമ്മിലുള്ള പോരു കണ്ട്‌ ജനങ്ങൾ ചിരിക്കുന്നുണ്ട്‌...'' സിദ്ദിഖ് കുറിച്ചു.

ജമാഅത്തെ ഇസ്‍ലാമിക്കാർ തന്‍റെ ജീവൻ അപായപ്പെടുത്താൻ അഞ്ച് തവണ ശ്രമിച്ചെന്ന ഗുരുതര ആരോപണം ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചിരുന്നു. ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ ആരോപണം. കൈരളി, മീഡിയവൺ ചാനൽ പ്രതിനിധികളെ വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ആരോപണം ഉയർത്തിയത്. ഡൽഹി ജാമിഅ മില്ലിയയിൽ ജമാഅത്ത് യുവജന വിഭാഗം പ്രവർത്തകർ ദണ്ഡ് കൊണ്ട് തന്റെ തലക്കടിച്ചതായി അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, ജമാഅത്തെ ഇസ്‍ലാമിക്ക് ഡൽഹിയിൽ യുവജന വിഭാഗം പ്രവർത്തിക്കുന്നില്ല.

ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ ഇങ്ങനെ: "ജമാഅത്തെ ഇസ്‍ലാമിക്ക് എന്നോട് കടുത്ത മുൻവിധികളുണ്ട്. ഇവർ കുറെ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം 1986ൽ ഞാൻ രാജി വെച്ചില്ലായിരുന്നെങ്കിൽ ഷാബാനു വലിയൊരു വിവാദമാകില്ലായിരുന്നു എന്നാണ്. അതിനാൽ അവർക്കെന്നോട് പക്ഷപാത സമീപനമാണുള്ളത്. താങ്കൾ (അഭിമുഖകാരൻ) അറിയാൻ വഴിയില്ലാത്ത ഒരു കാര്യം ഞാൻ പറയാം. എന്റെ ജീവൻ അപായപ്പെടുത്താൻ അവർ അഞ്ച് തവണ ശ്രമിച്ചിട്ടുണ്ട്. അവസാനത്തേതായിരുന്നു ഏറ്റവും ഭീതിജനകം, ഏറ്റവും അപകടകരം. ജാമിഅ മില്ലിയയിൽ എന്റെ തലക്ക് ദണ്ഡ് കൊണ്ട് അടിച്ച എല്ലാ കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പറഞ്ഞത്, 10 മിനിറ്റ് കഴിഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടുത്താൻ പ്രയാസമാകുമെന്നായിരുന്നു. അവരെല്ലാവരും ജമാഅത്തെ ഇസ്‍ലാമിയുടെ യുവജന വിഭാഗത്തിൽ പെട്ടവരായിരുന്നു. ഹിംസയുടെ സാധുതയിൽ വിശ്വസിക്കുന്നവർ ഏറ്റവും അപകടകാരികളാണ്. അവർ എന്തും ചെയ്യും. അവർ രണ്ടു കൂട്ടരും ( സി.പി.എമ്മും ജമാഅത്തെ ഇസ്‍ലാമിയും) ഹിംസയുടെ സാധുതയിൽ വിശ്വസിക്കുന്നവരാണ്".

Tags:    
News Summary - T. Siddique mocked the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.