തിരുവനന്തപുരം: വിവേക് കിരണിനെതിരായ ഇ.ഡി അന്വേഷണം നിലച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഒരു സാധാരണക്കാരന്റെ മകനാണ് ഇ.ഡി നോട്ടീസ് അവഗണിച്ചതെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി വിചാരണ എന്നിവയുണ്ടാകുമായിരുന്നു. മകളെയും മകനെയും വിട്ടുകൊടുക്കാത്തത് എല്ലാം പുറത്തുവരുമെന്ന് അച്ഛന് അറിയാമെന്നതുകൊണ്ടാണെന്നും സ്വപ്ന സമൂഹമാധ്യമത്തിൽ കുറിച്ചു. ചോദ്യംചെയ്യൽ നടപ്പാകണമെങ്കിൽ അച്ഛന്‍റെ സിംഹാസനം തെറിക്കണമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഇപ്പഴാണോ മലയാള മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണക്കാരന്റെ മകനാണ് ഇ.ഡി നോട്ടീസ് അവഗണിച്ചിരുന്നെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ... അങ്ങനെ എന്തെല്ലാം കോലാഹലമായേനെ. മകനെയും മകളെയും ഇ.ഡി നല്ലതുപോലെ ചോദ്യംചെയ്താൽ മണിമണി പോലെ എല്ലാം പുറത്തുവരും, അത് അച്ഛന് നല്ലപോലെ അറിയാം. അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടുകൊടുക്കാത്തത്. അത് നടപ്പാകണമെങ്കിൽ അച്ഛന്‍റെ സിംഹാസനം തെറിക്കണം!
2018ൽ ഞാനും പഴയ ബോസായ യു.എ.ഇ കൗൺസിൽ ജനറലുമായിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്‍റെ ഒഫീഷ്യൽ വീട്ടിലായിരുന്നു കൂടിക്കാഴ്ച. അവിടെവെച്ച് ക്യാപ്റ്റനായ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപ്പെടുത്തി, മകൻ യു.എ.ഇയിൽ ഒരു ബാങ്കിലാണ് ജോലി ചെയുന്നതെന്നും അവന് അവിടെ സ്റ്റാർ ഹോട്ടൽ വിലക്കുവാങ്ങാൻ ആഗ്രഹമുണ്ടെന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും കൗൺസിൽ ജനറലിനോട് ആവശ്യപ്പെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സി.സി ടി.വി ദൃശ്യങ്ങൾ മിന്നലടിച്ചുപോയിട്ടില്ലെങ്കിൽ ഇ.ഡിക്ക് കാണാം)
പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയം, ഒരു ബാങ്ക് ഉദ്യോഗസ്ഥന് യു.എ.ഇയിൽ സ്റ്റാർ ഹോട്ടൽ വാങ്ങാൻ പറ്റുമോ? ഉത്തരം, പറ്റും... അച്ഛന്‍റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണമുണ്ടെങ്കിൽ പറ്റും. വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും... നമുക്ക് കാത്തിരിക്കാം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.