കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡി.വൈ.എഫ്.ഐ നേതാവ് കൂടി അറസ്റ്റിൽ
കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം സൃഷ്‌ടിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ആർ. അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്.
സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ സി.പി.എം കണ്ണങ്കുഴി ബ്രാഞ്ചംഗം കൂടിയായ അമലിനും പങ്കുണ്ടെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. വ്യാജ സ്ക്രീൻഷോട്ട് വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിതിന്‍ ഭാസ്‌കർ നേരത്തെ അറസ്റ്റിലായിരുന്നു. റിമാന്‍ഡിലായ ജിതിന് 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ ജിതിന് സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയത് വലിയ വിവാദമായിരുന്നു.
‘വടകര സ്‌ക്വാഡ്’ എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് സ്ക്രീൻഷോട്ട് ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ മറ്റ് ഇടത് സൈബർ ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ട് കാഫിർ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്‍ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് എം.എസ്.എഫ് നേതാവ് തിരുവള്ളൂർ സ്വദേശി പുല്ലാഞ്ഞികണ്ടി പി.കെ. കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.
അതേസമയം, സ്ക്രീൻ ഷോട്ട് കാസിമിന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടികയിൽനിന്ന് എസ്.ഐ.ടി അദ്ദേഹത്തെ ഒഴിവാക്കി. കാസിമിനെ ഒഴിവാക്കിയുള്ള റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചു. സ്ക്രീൻ ഷോട്ട് നിർമിച്ചത് കാസിം ആണെന്ന ആരോപണമുയർന്നതോടെ ഇടതു സർക്കാറിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കാസിം ഹാജരാക്കി. എന്നാൽ, കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.