'ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുമ്പോൾ കെ.എസ്‌.യുവിന്റെ പേരിൽ വേണ്ട'; അലോഷ്യസ് സേവ്യറിനെ തള്ളി ഒരു വിഭാഗം കെ.എസ്‌.യു നേതാക്കൾ

കൊച്ചി: കെ.എസ്‌.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ സംഘടനയ്ക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത് . മുഖ്യമന്ത്രിയെയും സർക്കാരിനെയും ബോധപൂർവം കരിവാരിത്തേക്കാൻ ചിലർ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി അധ്യക്ഷനെതിരെ ഇവർ രംഗത്തുവന്നത്.

ചില വ്യക്തികളുടെ മോഹഭംഗങ്ങളിൽ നിന്നും വൈരാഗ്യത്തിൽ നിന്നുമാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പ്ലീഡർമാരായി നിയമിക്കേണ്ടവരുടെ പട്ടിക ഔദ്യോഗികമായി നൽകിയത്. നിലവിൽ ആരോപണം നേരിടുന്ന ടി.എസ്. ശരത്ത് 2019 മുതൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനാണെന്ന് മുബാസ് ചൂണ്ടിക്കാട്ടി.

സംസ്ഥാന അധ്യക്ഷന് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടി വേദികളിലാണ്. അല്ലാതെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പരസ്യമായ വിവാദങ്ങൾ ഉണ്ടാക്കുകയല്ല വേണ്ടത്. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെങ്കിൽ കെ.പി.സി.സി അധ്യക്ഷനാണ് പരാതി നൽകേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ ആർക്കും ഔദ്യോഗികമായി ഒരു പരാതിയും നൽകിയിട്ടില്ല. ഇത്രയും മാധ്യമങ്ങൾ നോക്കിനിൽക്കുമ്പോഴാണോ ഇത്രയും ഗൗരവ സ്വഭാവമുള്ള വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ പോകേണ്ടിയിരുന്നതെന്നും മുബാസ് ചോദിച്ചു.

ആരെയും ' ചാപ്പ' കുത്തി മാറ്റിനിർത്തുന്നത് കെഎസ്‌യുവിന്റെ രാഷ്ട്രീയമല്ലെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞകാലങ്ങളിൽ സംഘ്‌പരിവാർ ആശയങ്ങളിൽ ഉണ്ടായിരുന്നവർ ജനാധിപത്യ മതേതര പാർട്ടിയായ കോൺഗ്രസിലേക്ക് വരുമ്പോൾ അവരെ ചേർത്തുനിർത്തേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്.

വിഷയം ചർച്ച ചെയ്യാൻ കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ പ്രസിഡന്റ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നിൽ കൃത്യമായ ഗൂഢലക്ഷ്യങ്ങളുണ്ട്. അലോഷ്യസ് സേവ്യർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുമ്പോൾ അത് കെ.എസ്‌.യുവിന്റെ പേരിൽ വേണ്ടെന്നും ബോധപൂർവം പാർട്ടിയെയും ഭരണകൂടത്തെയും പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മുബാസ് ഓടക്കാലി ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിലെ ഭിന്നത പരസ്യമായതോടെ വരും ദിവസങ്ങളിൽ കെ.പി.സി.സി നേതൃത്വം വിഷയത്തിൽ ഇടപെടുമെന്നാണ് സൂചന.

Tags:    
News Summary - 'When making decisions unilaterally, do not use the name of KSU'; A section of KSU leaders reject Aloysius Xavier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.