തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെ കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻ.ആർ.ഐ സെൽ ഡിവൈ.എസ്.പിയുമായ എം.എസ്. സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്.
വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് തെറ്റായ മറുപടി നൽകിയെന്നും, തെറ്റായ മറുപടി സംസ്ഥാന സർക്കാറിനും പൊലീസ് സേനക്കും കളങ്കമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഡി.ജി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സന്തോഷിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രി ശനിയാഴ്ച മാധ്യമങ്ങളെ കാണാനിരിക്കെയാണ് തിടുക്കത്തിലുള്ള നടപടി.
ഡിവൈ.എസ്.പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാൻ കാരണമായെന്നാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണ്. പൂരം വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചു. അപേക്ഷയിൽ മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്തദിവസം തന്നെ മറുപടി നൽകി. അതിൽ ജാഗ്രത കുറവുണ്ടായി. സുപ്രധാന ചോദ്യമായിട്ടും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്താതെയായിരുന്നു മറുപടിയെന്നും റിപ്പോർട്ടിൽ ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.