തൃശൂർ: ജപ്തി നടപടി ഒഴിവാക്കിനൽകാമെന്നു പറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്ന് 2.51 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സസ്പെൻഷനിലായ അസി. പൊലീസ് കമീഷണർ (എ.സി.പി) തൃശൂരിൽ ജോലി ചെയ്യുമ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്നയാൾ. ലക്ഷങ്ങളുടെ തട്ടിപ്പ് കേസുകളിൽ പ്രതിയായ സ്ത്രീ ഒളിവിലായിരിക്കെ വിവാഹം കഴിച്ചുവെന്നും അവരുടെ അറസ്റ്റ് തടഞ്ഞുവെന്നുമുള്ളതും അടക്കം ആരോപണങ്ങളാണ് കോഴിക്കോട് നോർത്ത് ട്രാഫിക് എ.സി.പിയായ തൃശൂർ പേരിൽച്ചേരി കൊപ്പുള്ളിൽ ഹൗസിൽ സുരേഷ് ബാബുവിനെതിരെ ഉണ്ടായിരുന്നത്. കൊല്ലത്തെ കേസിൽ ഭാര്യ വി.പി. നുസ്റത്ത് (മാനസ), ഡോ. ബാലചന്ദ്രക്കുറുപ്പ് എന്നിവരും പ്രതികളാണ്.
തൃശൂരിൽ വിജിലൻസ് ഡിവൈ.എസ്.പിയായി ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് ബാബു വി.പി. നുസ്റത്തിനെ വിവാഹം കഴിച്ചതെന്ന് പറയുന്നു. നിരവധി പേരെ വഞ്ചിച്ച കേസുകളിൽ നുസ്റത്ത് പിടികിട്ടാപ്പുള്ളിയായി തുടരുന്നതിനിടെയാണ് ഇരുവരും വിവാഹം കഴിച്ചതെന്നത് പൊലീസിനുള്ളിൽതന്നെ വിവാദമായിരുന്നു. ഹൈകോടതി നിർദേശിച്ചിട്ടുപോലും നുസ്റത്തിന്റെ അറസ്റ്റ് സുരേഷ്ബാബു സ്വാധീനം ഉപയോഗിച്ച് മാസങ്ങളോളം വൈകിപ്പിച്ചുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഒടുവിൽ 2023 മേയ് 29ന് ചേർപ്പിലെ വീട്ടിൽനിന്ന് മലപ്പുറം പൊലീസാണ് നുസ്റത്തിനെ അറസ്റ്റ് ചെയ്തത്.
കുടുംബക്ഷേത്രം പുനരുദ്ധാരണത്തിന് ട്രസ്റ്റ് രൂപവത്കരിക്കൽ, റെയിൽവേയിൽ ജോലി വാഗ്ദാനം, റിയൽ എസ്റ്റേറ്റ് തർക്കങ്ങളിൽ ഇടനില നിൽക്കൽ തുടങ്ങിയവ നടത്തി പലരിൽനിന്നായി നുസ്റത്ത് ലക്ഷങ്ങളാണ് തട്ടിച്ചത്. 15ലധികം കേസുകളാണ് ഇവർക്കെതിരെയുണ്ടായിരുന്നത്. വിവിധ ജില്ലകളിൽ ഫ്ലാറ്റുകൾ വാടകക്കെടുത്ത് അഭിഭാഷകയെന്ന ബോർഡ് സ്ഥാപിച്ചും തട്ടിപ്പ് നടത്തിയിരുന്നു. പൊലീസിലുള്ള സ്വാധീനമാണ് നുസ്റത്തിന് ഇത്തരം തട്ടിപ്പുകളിൽ സംരക്ഷണം നൽകിയതെന്ന ആക്ഷേപവുമുണ്ട്.
നുസ്റത്ത് മുമ്പ് നടത്തിയതിന് സമാന തട്ടിപ്പിനാണ് കൊല്ലം സ്വദേശിയായ ജ്വല്ലറി ഉടമയും ഇരയായത്. ബാങ്കിൽനിന്ന് 50 കോടിയോളം രൂപ ഓവർഡ്രാഫ്റ്റ് മൂലം കടക്കെണിയിലായ ജ്വല്ലറി ഉടമയെ ജപ്തി ഒഴിവാക്കാമെന്നും ബാധ്യത പകുതിയാക്കി കുറക്കാമെന്നും പറഞ്ഞാണ് സുരേഷ് ബാബുവും നുസ്റത്തും ചേർന്ന് വഞ്ചിച്ചത്. 2.51 കോടി രൂപ നുസ്റത്തിന്റെ അക്കൗണ്ടിലേക്കാണ് വാങ്ങിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കേസിൽ കുടുക്കിയെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.