സർക്കാർ ഏറ്റെടുക്കേണ്ട മിച്ചഭൂമിയിൽ വില്പനക്ക് ബോർഡ് വെച്ചു

കോഴിക്കോട്: സർക്കാർ മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട സ്ഥലം വില്പനക്ക് ബോർഡ് വെച്ചതായി ആക്ഷേപം. തിരുവനന്തപുരം തിരുവല്ലം വില്ലേജിലെ അഞ്ചര ഏക്കർ ഭൂമിയാണ് വിൽക്കാൻ ബോർഡ് വെച്ചത്. കോവളം ബൈപ്പാസിന് സമീപം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കണ്ണായ സ്ഥലമാണിത്. താലൂക്ക് ലാൻഡ് ബോർഡ് രേഖകൾ പ്രകാരം ഒറ്റപ്പാലം സ്വദേശികളുടേതാണ് ഈ ഭൂമി.

ലാൻഡ് ബോർഡ് പാസാക്കിയ ഉത്തരവ് കോടതി റദ്ദാക്കിയിരുന്നു. ഇളവുകൾ സംബന്ധിച്ച് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താലൂക്ക് ലാൻഡ് ബോർഡ് പരിശോധിച്ചിട്ടില്ല. മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കുനതിനെതിരെ ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാരിന് അനുകൂല വിധി ഉണ്ടായിട്ടും ലാൻഡ് ബോർഡ് തുടർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. 

1.69 ഏക്കർ ഭൂമിയിൽ നിറയെ പാറകൾ ആണെന്ന കാരണത്താൽ ഇളവ് അനുവദിക്കണെന്ന് ഭൂവുടമ വാദിച്ചു. ഈ ഭൂമി കൊമേഴ്സ്യൽ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും അതിനാൽ ഭൂഇളവ് നൽകണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. പാറഖനനം കൊമേഴ്സ്യൽ പ്രവർത്തനമായി കോടതി വിലയിരുത്തിയില്ല. പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിക്ക് മേലുള്ള ഇളവ് അവകാശപ്പെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂമിക്ക് മേൽ അവകാശപ്പെട്ട ഇളവ് വ്യക്തമായും അനുവദനീയമല്ലെന്ന് വിധിച്ചു. താലൂക്ക് ലാൻഡ് ബോർഡിന് ഇക്കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്നും വ്യക്തമാക്കി.

ഏതാനും കുടികിടപ്പുകാർക്ക് ഭൂമി കൊടുത്തതായുള്ള രേഖയും കോടതിയിൽ ഹാജരാക്കി. അതും ലാൻഡ് ബോർഡ് പരിശോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. 2010 ൽ ഹൈക്കോടതി വിധി വന്നിട്ട് താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചില്ല. മിച്ചഭൂമി കേസിൽ ഉടമകൾ സുപ്രീംകോടതി വരെ പോയി. മിച്ച ഭൂമിയുണ്ടെങ്കിൽ ഏറ്റെടുക്കണം എന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. കോടതി വ്യക്തവും അസന്ദിഗ്ദ്ധവുമായ പ്രസ്താവന നടത്തിയിട്ടും ലാൻഡ് ബോർഡ് നടപടി സ്വീകരിച്ചില്ല.മിച്ചഭൂമി കേസ് ഇപ്പോഴും പെയിന്റിങ്ങിൽ ആണ്. മിച്ച ഭൂമി കേസ് നിലനിൽക്കെ ഭൂമി വിൽപ്പന സാധ്യമല്ല. കലക്ടർ വിൽപ്പന അറിഞ്ഞാൽ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 84 പ്രകാരം അസാധുവാക്കാം.

ഭൂമി വിൽപ്പന നേരത്തെ അറിഞ്ഞാൽ കലക്ടർക്ക് വിൽപ്പന  നിരോധിക്കാം. നിയമത്തിലെ വകുപ്പ് 120 പ്രകാരം വിൽപ്പന തടയാൻ കലക്ടർക്ക് അധികാരമുണ്ട്. സബ് രജിസ്ട്രാറിന് നിരോധന ഉത്തരവ് നൽകാം. സർക്കാരുമായി മിച്ചഭൂമി കേസുള്ള ഭൂമിയാണ് ഇവിടെ വിൽപ്പന നടത്തുന്നത് എന്നാണ് റവന്യൂ അധികാരികൾ പറയുന്നത്. സർക്കാരിന് ലഭിക്കേണ്ട മിച്ചഭൂമിയാണ് റവന്യൂ വകുപ്പിന്റെ അനാസ്ഥ മൂലം ഏറ്റെടുക്കാനുള്ള നടപടി വൈകിയത്. തിരുവനന്തപുരം ജില്ലയിൽ ഭൂരഹതിർക്ക് വിതരണം ചെയ്യാൻ ഭൂമിയില്ലാത്ത അവസ്ഥയുള്ളപ്പോഴാണ് മിച്ചഭൂമി വിൽപ്പനക്ക് ബോർഡ് വെച്ചിരിക്കുന്നത്.

Tags:    
News Summary - Surplus land to be acquired by the government: Allegation that the board has been put up for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.