കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയക്ക് വിധേയയായ കക്കോടി സ്വദേശി സജ്നയുടെ ഇടതുകാലിന് ഒരുമാസം കഴിഞ്ഞ് ശസ്ത്രക്രിയ ചെയ്യാമെന്ന് മെഡിക്കൽ ബോർഡ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച വൈകീട്ടോടെ ഡിസ്ചാർജ് വാങ്ങി സജ്ന വീട്ടിലേക്ക് മടങ്ങി.
ഇടതുകാലിന് പകരം ശസ്ത്രക്രിയ നടത്തിയ വലതുകാലിലെ പ്ലാസ്റ്റർ അഴിക്കാൻ 10 ദിവസമെങ്കിലും വേണം. സ്കാനിങ് നടത്തിയാലേ വലതുകാലിലെ പ്രശ്നങ്ങൾ അറിയാനാവൂവെന്ന് മെഡിക്കൽ ബോർഡ് അംഗങ്ങൾ പറഞ്ഞതായി സജ്നയുടെ മകൾ ഷിമ്ന സുകുമാരൻ പറഞ്ഞു.
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചപറ്റിയതായി ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഡി.എം.ഒയുടെ ചുമതലയുള്ള ഡോ. പിയൂഷ് നമ്പൂതിരിക്ക് അഡീഷനൽ ഡി.എം.ഒ ഡോ. ദിനേശ് സമർപ്പിച്ച റിപ്പോർട്ടിലാണ് ആശുപത്രിക്കും ഡോക്ടർക്കും വീഴ്ചപറ്റിയതായി പരാമർശമുള്ളത്. രോഗത്തിന്റെ നിലവിലെ സ്ഥിതിയും ശസ്ത്രക്രിയ വിവരങ്ങളും രോഗിയെ യഥാസമയം ധരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദാന്വേഷണം വേണമെന്നും എല്ലുരോഗ-ശസ്ത്രക്രിയ വിദഗ്ധർ അടങ്ങുന്ന സമിതി വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ഇതിനിടെ കുടുംബം നൽകിയ പരാതിയിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജ് അന്വേഷണം തുടങ്ങി.
ഫെബ്രുവരി 20നാണ് കോഴിക്കോട്ടെ നാഷനൽ ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ സജ്നയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയത്. ഇടതുകാലിനേറ്റ പരിക്കിന് ചികിത്സ തേടിയെത്തിയ സജ്ന സുകുമാരന്റെ വലതുകാലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഒരുവർഷം മുമ്പ് വീട്ടിലെ വാതിലിനുള്ളിൽ ഇടതുകാൽ കുടുങ്ങി ഞരമ്പിന് ഗുരുതരമായി പരിക്കേറ്റാണ് സജ്ന ഓർത്തോ മേധാവി ഡോ. ബഹിർഷാനെ സമീപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് ഇടതുകാലിന് പകരം വലതുകാലിനാണ് ചെയ്തതെന്ന് സജ്ന അറിഞ്ഞത്. തുടർന്ന് ചികിത്സ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.