തൃശൂർ: തൂശൂർ പൂരത്തിൽ മത-ജാതി, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങളുടെ പ്രദർശനം പാടില്ലെന്ന ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നിർദേശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
നിയന്ത്രങ്ങൾ ഒരു തരത്തിൽ നല്ലതാണ്, എങ്കിലും ആചാരവുമായി ചേർന്ന ചില അവകാശങ്ങൾക്ക് തടസമാകാത്ത രീതിയിലായിരിക്കണം നിയന്ത്രണമെന്നും മന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹം ആഘോഷിക്കുന്ന പൂരത്തിൽ അച്ചടക്കം നല്ലതാണ്. ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിര് നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ടി.വിയിൽ മാത്രം കണ്ടിരുന്ന തൃശൂർ പൂരം ആദ്യമായാണ് നേരിൽ കാണാൻ പോകുന്നത്. വെടിക്കെട്ടും വളരെ അകലെ നിന്ന് മാത്രമാണ് കണ്ടത്. ശബ്ദം മാത്രമാണ് കേൾക്കുക. ഇത്തവണ എല്ലാവരെയും പോലെ തന്നെ അനുവദിക്കപ്പെട്ട അകലത്തിൽ നിന്ന് പൂരം കാണാൻ ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കെയാണ് കഴിഞ്ഞ മാസം മറ്റൊരു സംസ്ഥാനത്ത് (ഗുജറാത്തിൽ പടക്ക നിർമാണശാലയില്‍) വെടിക്കെട്ട് അപകടമുണ്ടാകുന്നത്.
ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.