'തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും; കാർഷിക നിയമങ്ങൾ തിരിച്ചുവരും'; സമരക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി -VIDEO

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ചെയ്ത കർഷകരെ പരിഹസിച്ച് ബി.ജെ.പി എം.പി സുരേഷ് ഗോപി. സമരത്തിന് കഞ്ഞിവെക്കാൻ പൈനാപ്പിളും കൊണ്ടാണ് ചിലർ പോയത്. യഥാർഥ തന്തക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ തിരിച്ചുവരാൻ ആവശ്യപ്പെടും. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുള്ള ബി.ജെ.പിക്കാരനാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വിഷു വാരാഘോഷം ഉദ്ഘാടനം ചെയ്യവേയായിരുന്നു കർഷകരെ പരിഹസിച്ചുകൊണ്ടുള്ള എം.പിയുടെ പ്രസ്താവന.

സുരേഷ് ഗോപിയുടെ വാക്കുകൾ:

'രാവിലെ ഇങ്ങോട്ട് സന്തോഷത്തോടെ വരുമ്പോൾ കുട്ടനാട്ടിലെ ഒരു കർഷകന്‍റെ ആത്മഹത്യ സംബന്ധിച്ച ദു:ഖവാർത്തയാണ് വിളിച്ചുപറഞ്ഞത്. അങ്ങ് യു.പി ബോർഡറിൽ കഞ്ഞിവെക്കാൻ പൈനാപ്പിളുമായി പോയ കുറേ ....മാർ, ഇവനൊക്കെ കർഷകരോട് എന്ന് ഉത്തരം പറയും, എന്ത് ഉത്തരം പറയും. ആരാണ് കർഷകന്‍റെ സംരക്ഷകർ. ഞാൻ പറയുന്നു, നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിയും സംഘവും കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ഒരു ബി.ജെ.പിക്കാരനാണ് ഞാൻ. അത് അങ്ങനെ തന്നെയാണ്. ആ കാർഷിക നിയമങ്ങൾ തിരിച്ചുവരും. അത് ജനങ്ങൾ ആവശ്യപ്പെടും, കർഷകർ ആവശ്യപ്പെടും. യഥാർഥ തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും, ആ കാർഷിക നിയമങ്ങൾ തിരിച്ചുവരും. ഇല്ലെങ്കിൽ ഈ ഭരണത്തെ പറഞ്ഞയക്കും കർഷകർ, ആ അവസ്ഥയിലേക്ക് പോകും. സത്യം എപ്പോഴും മറനീക്കി പുറത്തുവരാൻ വൈകും. കാർമേഘത്തിന്റെ ശക്തി അടിസ്ഥാനമാക്കിയാണ് പുറത്തുവരാൻ എടുക്കുന്ന സമയം. നമുക്ക് ഇവിടെ കാർമേഘങ്ങളുടെ ശക്തിയാണ്. അവസാനം കഴുത്തറ്റം ചെളികൊണ്ടെത്തിച്ച് നമ്മെ മുക്കിക്കൊല്ലുന്നതുവരെ ഇതുണ്ടാകും.'


Full View

കേന്ദ്ര സർക്കാറിന്‍റെ കർഷകദ്രോഹപരമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷത്തിലേറെ ഐതിഹാസിക സമരം നയിച്ചാണ് കർഷകർ വിജയം നേടിയത്. കാർഷിക മേഖലയെ പൂർണമായും കോർപറേറ്റുകൾക്ക് കീഴിലാക്കുന്ന നിയമങ്ങളാണെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കിയത്. 700ലേറെ കര്‍ഷകർക്കാണ് കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തിനിടെ ജീവൻ നഷ്ടമായത്. കർഷകരുടെ ദൃഢനിശ്ചയത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്ന കേന്ദ്ര സർക്കാർ മൂന്ന് വിവാദ നിയമങ്ങളും പിൻവലിക്കുകയായിരുന്നു. 

Tags:    
News Summary - Suresh Gopi mps controversial statement on farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.