കൊച്ചി: സൈബർ ആക്രമണങ്ങളിൽ പിന്തുണ ലഭിച്ചില്ല എന്നാരോപിച്ച് ഗായക സംഘടനയായ 'സമ'യിൽ നിന്ന് (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം) സൂരജ് സന്തോഷ് രാജിവെച്ചു. അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക ചിത്രയെ വിമർശിച്ചതിന് പിന്നാലെയാണ് സൂരജിന് കടുത്ത സൈബർ ആക്രമണം നേരിടേണ്ടിവന്നത്.
തനിക്കെതിരെ നടക്കുന്നത് സംഘടിതമായ സൈബർ ആക്രമണമാണെന്നും നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ പരിധിയും വിട്ട അധിക്ഷേപമായി മാറിയിരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സൂരജ് വ്യക്തമാക്കിയിരുന്നു. തിരക്കഥാകൃത്തും നിര്‍മാതാവുമായ മനോജ് രാംസിംഗ് ഉൾപ്പെടെയുള്ളവർ സൂരജിന് ശക്തമായ പിന്തുണയുമായി എത്തിയെങ്കിലും ഗായക സംഘടനയുടെ ഇടപെടൽ ഉണ്ടായില്ലെന്നാണ് ആക്ഷേപം.
രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ ആഹ്വാനത്തെയാണ് സൂരജ് വിമർശിച്ചത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെ.എസ്. ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.
തുടർന്ന് ഫേസ്ബുക്കിൽ തന്റെ നിലപാട് ആവർത്തിച്ച് സൂരജ് രംഗത്തെത്തിയിരുന്നു. ഈ ആക്രമണങ്ങൾ കൊണ്ടൊന്നും തളരില്ലെന്നും തളർത്താൻ പറ്റില്ലെന്നും സൂരജ് വ്യക്തമാക്കി.
'കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബർ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വളരെ മോശമായ രീതിയിൽ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസം നൽകുന്നു. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. തളരില്ല. തളർത്താൻ പറ്റുകയും ഇല്ല' -സൂരജ് സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.