ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ജസ്റ്റിസ് ശുഭാൻഷു ധൂലിയയുടെ റിപ്പോർട്ടിൽ നടപടിയെടുക്കാത്തതിനാണ് വിമർശനം. എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് വിരമിച്ച ജസ്റ്റിസായ സുധാൻഷു റിപ്പോർട്ട് സമർപ്പിച്ചത്.
ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, ജസ്റ്റിസ് കെ.വി വിശ്വനാഥ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിമർശനം. ദൂലിയ കമ്മിറ്റി റിപ്പോർട്ടിൽ ഗവർണർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ധൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കാതിരുന്നതോടെ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ഗവർണർക്ക് നേരെ സുപ്രീംകോടതിയിൽ നിന്നും രുക്ഷമായ വിമർശനങ്ങൾ ഉണ്ടായത്.
ജസ്റ്റിസ് ധൂലിയയുടെ റിപ്പോർട്ട് വെറും കടലാസ് കഷ്ണമല്ലെന്നായിരുന്നു ജസ്റ്റിസ് പാർദിവാല ഗവർണറെ ഓർമിപ്പിച്ചത്. നിങ്ങൾ റിപ്പോർട്ട് ലഭിച്ചില്ലേ എന്നിട്ടും ഇക്കാര്യത്തിലെ തുടർ നടപടികൾ വൈകുന്നതെന്താണെന്ന് പാർദിവാല ഗവർണറുടെ അഭിഭാഷകനോട് ചോദിച്ചു. എന്നാൽ, ചില റിപ്പോർട്ടുകൾ സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നൽകുന്നില്ലെന്നും ഗവർണർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വെങ്കിട സുബ്രഹ്മണി കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഗവർണർ ചോദിച്ച റിപ്പോർട്ടുകളെല്ലാം കൈമാറിയിട്ടുണ്ടെന്നായിരുന്നു ഇതിന് സംസ്ഥാന സർക്കാർ നൽകിയ മറുപടി.
തുടർന്ന് എന്ത് റിപ്പോർട്ടാണ് ഇനി ഗവർണർക്ക് ആവശ്യമെന്ന് ചോദിച്ച കോടതി ധൂലിയയുടേത് വെറും കടലാസ് കഷ്ണമല്ലെന്നും ഓർമിപ്പിച്ചു. റിപ്പോർട്ടിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാൻ നിർദേശിച്ച കോടതി കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.