പൗരത്വ ഭേദഗതി ബിൽ വിരുദ്ധ ഹർത്താൽ വിജയിപ്പിക്കുക –സംയുക്ത സമിതി

തിരുവനന്തപുരം: എന്‍.ആർ.സി - പൗരത്വ ഭേദഗതി ബിൽ എന്നിവയിലൂടെ രാജ്യത്തെ വെട്ടിവിഭജിക്കാനുള്ള നീക്കമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നതെന്നും ഇതിനെതിരെ 17ന് നടത്തുന്ന ഹർത്താൽ വിജയിപ്പിക്കണമെന്നും സംയുക്ത സമിതി അഭ്യർഥിച്ചു.

പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസ്സായ സന്ദർഭത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നു വന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സംയുക്തയോഗം ഡിസംബർ 17ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

അതിന് ശേഷമാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച ആലോചനകളും തീരുമാനങ്ങളുമുണ്ടാകുന്നത്. ആ പ്രക്ഷോഭങ്ങളെല്ലാം സ്വാഗതാർഹമാണ്. ഇത്തരം പ്രക്ഷോഭങ്ങൾ നിരന്തരമായി ഉണ്ടാകേണ്ടതുണ്ട്.

തികച്ചും ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കും ഹർത്താല്‍. സംഘ്പരിവാറിന്‍റെ വിഭജന നീക്കങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധം എന്ന നിലയില്‍ ഈ ഹർത്താലിന് കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് സംയുക്ത സമിതിക്കായി കെ. അംബുജാക്ഷന്‍ (ദേശീയ വൈസ് പ്രസിഡന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി), ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്‍റ്, എസ്.ഡി.പി.ഐ), ജെ. സുധാകരന്‍ (സംസ്ഥാന പ്രസിഡന്‍റ്, ബി.എസ്.പി), ടി. പീറ്റർ (നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം), സജി കൊല്ലം (ഡി.എച്ച്.ആര്‍.എം പാര്‍ട്ടി), കരമന ബയാർ (കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ), കെ.എഫ്. മുഹമ്മദ് അസ്‍ലം മൗലവി, നഹാസ് മാള (സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്), സാജന്‍ (സി.എസ്.ഡി.എസ്), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), എം.എൻ. രാവുണ്ണി (പോരാട്ടം) തുടങ്ങിയവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.

Tags:    
News Summary - support anti cab hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT