കൊച്ചി: വിപണനശൃംഖല ആധുനികവത്കരിക്കാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) മുഖം മിനുക്കാനൊരുങ്ങുന്നു. ഹോം ഡെലിവറി സംവിധാനം, വൻ നഗരങ്ങളിൽ അത്യാധുനിക ഷോപ്പിങ് മാളുകൾ, സ്വന്തമായി ഗോഡൗണുകൾ തുടങ്ങിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച് കോർപറേഷൻ സമർപ്പിച്ച കരട് നിർദേശങ്ങൾ സർക്കാറിെൻറ പരിഗണനയിലാണ്.
ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഉൽപന്നങ്ങൾ വീടുകളിലെത്തിച്ചുനൽകുന്ന സംവിധാനമാണ് ഹോം ഡെലിവറിയിലൂടെ വിഭാവനം ചെയ്യുന്നത്. നിശ്ചിത തുക സെക്യൂരിറ്റിയായി വാങ്ങി തൊഴിൽരഹിതരായ യുവാക്കളെയാകും ഇതിന് നിയോഗിക്കുക. ഇതുവഴി ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളേക്കാൾ വിപുലവും ഉപഭോക്തൃസൗഹൃദ സൗകര്യങ്ങളോടുകൂടിയതുമായ ഷോപ്പിങ് മാളുകളാണ് മറ്റൊരു പദ്ധതി.
ആദ്യഘട്ടത്തിൽ കോർപറേഷൻ പരിധികളിലാകും ശീതീകരിച്ച ഷോപ്പിങ് മാളുകൾ തുറക്കുക. വിജയമെന്ന് കണ്ടാൽ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാത്തരം ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് അനായാസം നേരിട്ട് തെരഞ്ഞെടുക്കാവുന്ന വിധം ഒരുകുടക്കീഴിൽ ഒരുക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ ഗുണനിലവാരം കൂടിയ ആട്ട ശബരി ബ്രാൻഡിൽ സ്വന്തം ഉൽപന്നമാക്കി വിപണിയിലെത്തിക്കാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ 140 ഗോഡൗണാണ് സപ്ലൈകോക്കുള്ളത്. ഇവയിൽ 120 എണ്ണവും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വാടകയിനത്തിൽ നല്ലൊരു തുക ഒാരോ വർഷവും കോർപറേഷൻ ചെലവഴിക്കേണ്ടിവരുന്നു. സ്വന്തമായി സ്ഥലമുള്ളയിടങ്ങളിലെങ്കിലും ഗോഡൗണുകൾ നിർമിക്കാൻ സർക്കാറിനോട് സാമ്പത്തികസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. സെയിൽസ് മാനേജ്മെൻറ്, ഉപഭോക്താക്കളുമായുള്ള വ്യക്തിഗത ഇടപെടൽ എന്നീ വിഷയങ്ങളിൽ ജീവനക്കാർക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ട്. ഇതോടെ സപ്ലൈകോ വിൽപനശാലകൾ കൂടുതൽ ജനകീയമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.