സണ്ണി ജോസഫ്

'തെരഞ്ഞെടുപ്പ് കാലത്തെ പങ്കാളിത്ത കുറവായിരിക്കും'; സിജെപി ആരോപണം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സിജെപി ഉയർത്തിയ ആരോപണം തള്ളി കെപിസിസി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്. കേരളത്തിൽ യുഡിഎഫ് നേടിയ വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ടും ഭരണ വിരുദ്ധ വികാരം കൊണ്ടുമാണ്. അതേസമയം, സിജെപി ആരോപണം പോലെ കേരളത്തിലേതും അട്ടിമറി വിജയമാണെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം നേടാൻ എങ്ങനെ കഴിഞ്ഞുവെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കേരളത്തിലെ എൽഡിഎഫിന്റെ തോൽവി എസ്ഐആർ അട്ടിമറിയുടെ ഫലം എന്നായിരുന്നു സിജെപി ആരോപണം. എന്നാൽ, കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാത്രമാണ് എസ്ഐആർ പട്ടിക അടിസ്ഥാനമാക്കി നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പഴയ വോട്ടർ പട്ടിക ആയിരുന്നു ഉപയോഗിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

സിജെപിയുടെ ആരോപണത്തിൽ അവർ തന്നെ കൃത്യമായ വിശദീകരണം നൽകണം. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂന്നു സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനായി. അതിനും എൽഡിഎഫ് വിശദീകരണം നൽകണം.

'എസ്.ഐ.ആർ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഞാൻ തന്നെയാണ് കേരള ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹരജി നൽകിയതും പിന്നീട് നിർദേശങ്ങൾ വാങ്ങി തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിളിച്ചുചേർത്ത യോഗങ്ങളിൽ എത്തി പരാതി ഉന്നയിച്ചതും. എന്നെക്കൂടാതെ കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥും യോഗത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ ബിജെപിക്ക് എന്തെങ്കിലും തരത്തിലുള്ള പരാതികൾ എസ്ഐആർ വിഷയത്തിൽ ഉണ്ടായിരുന്നോ? അന്നത്തെ ഭരണകക്ഷിയായ സിപിഎമ്മിന് പരാതി ഉണ്ടായിരുന്നോ?' -സണ്ണി ജോസഫ് ചോദിച്ചു.

സംസ്ഥാനതലത്തിലും ദേശിയതലത്തിലും കോൺഗ്രസ് പാർട്ടിയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെടുക്കുന്ന നിലാപാട് പൗരന് വോട്ട് ലഭ്യമാക്കുന്നതിന് വേണ്ടിയായിരിക്കണം. അല്ലാതെ വോട്ട് തള്ളുന്നതിനല്ല. അതേസമയം, കേരളത്തിൽ എൽഡിഎഫ് സർക്കാർ തോൽക്കാൻ കാരണം എസ്ഐആറിലെ അട്ടിമറിയാണെന്ന് ആരോപിച്ച സിജെപിയുടെ തെരഞ്ഞെടുപ്പ് കാലത്തെ പങ്കാളിത്ത കുറവായിരിക്കും ആരോപണത്തിന് പിന്നലെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Tags:    
News Summary - KPCC Chief Sunny Joseph Rejects CJP's Allegations Over Kerala Assembly Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.