കളമശ്ശേരി കൂട്ട ബലാൽസംഗ കേസിൽ അറസ്റ്റിലായ പ്രതികൾ
സ്പാ കൂട്ടബലാത്സംഗം: 15 യുവതികളെ പലപ്പോഴായി അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി; വൻ പെൺവാണിഭ-രാസലഹരി ശൃംഖലയെന്ന് പൊലീസ്
കൊച്ചി: കളമശ്ശേരി കൂട്ട ബലാൽസംഗ കേസിലെ മുഖ്യപ്രതി ശ്രീരാജ് കൂടുതൽ യുവതികളെ പലപ്പോഴായി അഭിമുഖത്തിനായി ക്ഷണിച്ചുവരുത്തിയതായി പൊലീസ് കണ്ടത്തിൽ. സ്പാ ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിളിച്ചുവരുത്തിയത്. ഇത് സംബന്ധിച്ച് 15 യുവതികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാനും ഗുണ്ടാ ബന്ധവും ലഹരി ശൃംഖലയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനും പൊലീസ് തീരുമാനിച്ചു. കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതിയും മാസ്റ്റർ ബ്രെയിനുമാണ് ആലപ്പുഴ സ്വദേശി ശ്രീരാജ്. ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 15 യുവതികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. സ്പായുടെ മറവിൽ പെൺവാണിഭവും ലഹരി ഇടപാടുകളും നടത്തുന്ന വിപുലമായ ശൃംഖലയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കസ്റ്റഡിയിലെടുത്ത രണ്ട് ഫോണുകളിലെ ചാറ്റ് വിവരങ്ങളിൽ നിന്നാണ് 15-ഓളം യുവതികളെ ഇയാൾ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയെയും സമാന രീതിയിലാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയത്. തുടർന്ന് ഒരുരാത്രിയും പകലും നാലംഗസംഘം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട 15 പേരെയും പൊലീസ് സമീപിക്കുമെന്നും, ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമമോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. പരാതി ലഭിക്കുന്ന പക്ഷം ശ്രീരാജിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.
കേസിൽ നിലവിൽ നാലുപേരാണ് പിടിയിലായിട്ടുള്ളത്. ഇതിൽ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കും. പ്രതികളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളും സ്പാ ഇടപാടുകളുടെ അക്കൗണ്ടുകളും ഫ്രീസ് ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അതിജീവിതയ്ക്ക് രാസലഹരി നൽകി മയക്കിയ ശേഷമാണ് പീഡനം നടത്തിയത്. ഇവർക്ക് ആവശ്യമായ രാസലഹരി എത്തിച്ചുനൽകിയത് ശ്രീരാജ് വഴിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ ലഹരി വിതരണം ചെയ്ത ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൂടാതെ, സ്പായുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകാൻ ഗുണ്ടാ സംഘങ്ങളുടെ സഹായം തേടിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വിപുലമായ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.