പിണറായിക്കും റിയാസിനും വൻ തിരിച്ചടി: മാസപ്പടിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈകോടതി
കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മരുമകൻ പി.എ. മുഹമ്മദ് റിയാസിനും മകൾ ടി. വീണക്കും ഹൈകോടതിയിൽനിന്ന് വൻ തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
കെ.എം. ഷാജഹാൻ നൽകിയ ഹരജി പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്.
കേസിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിലപാട്. എന്നാൽ ഇ.ഡി സീൽ ചെയ്ത കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച കോടതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള വ്യക്തമായ വിവരങ്ങളും വസ്തുതകളും ഇതിലുണ്ടെന്ന് കണ്ടെത്തി. സർക്കാരിന്റെ പ്രാഥമിക പരിശോധന എന്ന നിലപാടിനെ തള്ളിയാണ് കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്.
ഹൈകോടതി ഉത്തരവോടെ പിണറായിയും റിയാസും വീണയും കേസിൽ പ്രതിസ്ഥാനത്തേക്ക് വരികയും അന്വേഷണം നേരിടേണ്ടി വരികയും ചെയ്യും. സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതോടെ, കള്ളപ്പണം തടയൽ (പി.എം.എൽ.എ) നിയമപ്രകാരം പുതിയ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിക്കും. നേരത്തെ നിലനിന്നിരുന്ന നിയമതടസ്സങ്ങൾ മാറിയതോടെ കേന്ദ്ര ഏജൻസിക്ക് കേസിൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കാനാകും. അതേസമയം, ഹൈകോടതിയുടെ ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമോ അതോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമോ എന്നതാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.