കോഴിക്കോട്: കോഴിക്കോട് വേനൽ മഴയിൽ പലയിടത്തും നാശം. നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് പെയ്തത്. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും അനുഭവപ്പെട്ടു. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണതിനാൽ ഗതാഗത തടസം നേരിട്ടു. അഗ്നിരക്ഷാ സേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗതതടസ്സമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു.
നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമർ തകർന്നു. ഇന്ന് വൈകിട്ടാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമർതകർന്നതിനെ തുടർന്ന് കല്ല് കാലിൽ വീണ് ഗൃഹനാഥന് പരുക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും പരിസരങ്ങളിലെ വീടുകളിലെ വളർത്തു മൃഗങ്ങളും ചത്തു.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോടും 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.