സുജി ആതിരക്ക് ഒന്നാം സ്ഥാനം ലഭിച്ച പടം. ഇൻ സെറ്റിൽ സുജി ആതിര

സുജിയും കണ്ടു കുട്ടാടൻ പാടത്ത് മഞ്ഞത്തവളയെ, ബഹുമതിയും ലഭിച്ചു

ചാവക്കാട്: മഴക്കാലത്തിൻറെ തുടക്കത്തിൽ മാത്രം പുറത്തിറങ്ങി ഇണചേരൽ കഴിഞ്ഞാൽ അപ്രത്യക്ഷമാകുന്ന അപൂർവയിനം തവളകളുടെ പടം ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പർവീൻ കാസ്വാന് പിന്നാലെ അത്തരം തവളകളെ ഫോട്ടോഗ്രാഫർ സുജി ആതിരയും കുട്ടാടൻ പാടത്ത് കണ്ടെത്തി.

വടക്കേക്കാട് മുക്കിലപ്പീടികയിലെ ആതിര സ്റ്റുഡിയോ ഉടമ പുന്നയൂർക്കുളം സ്വദേശി കൂളിയാട്ട് സുജി എന്ന സുജി ആതിര ഫോട്ടോ ഗ്രാഫർ എന്ന നിലയിൽ നാട്ടിൽ ഏറെ പ്രസിദ്ധനാണ്. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എന്നാൽ പ്രകൃതിയുടെ അപൂർ പ്രതിഭാസം കാമറയിൽ ഒപ്പിയെടുത്ത് ഇപ്രാവശ്യം സുജി നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇണകളെ ആകർഷിച്ചു വരുത്താൻ നിറം മാറുന്ന ബുൾ ഫ്രോഗ് തവളകളെ കുറിച്ച് നാടറിയുന്നത് ഫോട്ടോഗ്രാഫറും വനംവകുപ്പിൽ ഉദ്യോഗസ്ഥനുമായ പർവീൺ കാസ്വാൻ ഐ.എഫ്.എസ് ട്വിറ്ററിലൂടെ പുറത്ത് വിട്ട അപൂർ ചിത്രങ്ങളാണ്.

നിങ്ങൾ എന്നെങ്കിലും മഞ്ഞത്തവളകളെ കണ്ടിട്ടുണ്ടൊ എന്ന ചോദ്യവുമായാണ് 2020 ജൂലൈയിൽ അദ്ദേഹം തൻറെ ചിത്രം പ്രസിദ്ധപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങൾക്കൊപ്പം ദേശീയ ദൃശ്യമാധ്യമങ്ങളിലും അത് വാർത്തയായിരുന്നു. അത് മധ്യപ്രദേശിലെ നർസിങ്പൂരിലെ നിന്നുള്ള തവളകളുടെ ദൃശ്യം സംബന്ധിച്ചായിരുന്നു ആ വാർത്ത. മധ്യപ്രദേശ് കൂടാതെ മഡഗാസ്കർ, മീലി ദ്വീപ്, അൻഡമാൻ ദ്വീപ് എന്നിവിടങ്ങളിലാണ് ഇത്തരം തവളകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യൻ ബുൾഫ്രോഗ്സിൻറെ സാധാരണ നിറം മഞ്ഞയല്ലെന്നും മഴക്കാലത്ത് മാത്രമാണ് ഇവ ഇങ്ങനെ തൊലിപ്പുറമേ മഞ്ഞ നിറം പടർത്തുന്നതെന്നും അതിൽ പറയുന്നു.

പ്രത്യുത്പ്പാജനം നടത്താൻ സമയമാകുമ്പോൾ പെൺതവളകളെ ആകർഷിക്കാൻ വേണ്ടിയാണ് ആൺ തവളകൾക്ക് ഇങ്ങനെ നിറം മാറാൻ കഴിയുന്നതെന്നും വ്യക്തമാക്കുന്നു. എന്നാൽ പർവീൺ കാസ്വാനെ കുറിച്ച് സുജി ആതിര ഇതുവരെ കേട്ടിട്ടില്ല. മഴയുടെ തുടക്കത്തിൽ പുന്നയൂരിലെ കുട്ടാടൻ പാടശേഖരത്തിൽ പെട്ട കുരഞ്ഞിയൂർ കടാമ്പുള്ളി പാടവരമ്പിലൂടെ നടക്കുന്നതിനിടയിലാണ് അവിടെ ഒരു കുളത്തിൽ സുജി ഈ അപൂർവ വർഗ്ഗം തവളകളെ ശ്രദ്ധിച്ചത്. എപ്പോഴും കാമറകൂടെ കൊണ്ടുനടക്കുന്നത് അനുഗ്രഹമായി. വൈകുന്നേരം ആറിന് കുളക്കരയിൽ സ്ഥാനമുറപ്പിച്ച സുജി പിന്നീട് രാത്രി 11വരെ വിജനമായ ആ സ്ഥലത്ത് തന്നെ കഴിച്ചുകൂട്ടി.

ഇതിനിടയിൽ നൂറോളം പടങ്ങളും പകർത്തി. അതിലൊന്ന് തൃശൂരിലെ കളർ ഹൗസിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.എ. വർഗീസ് അഖിലേന്ത്യാ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് അയച്ച് ഒന്നാം സ്ഥാനം നേടി. 523 പേർ പങ്കെടുത്ത മത്സരത്തിലാണ് സുജിയുടെ ബ്ലൂഫ്രോഗ് ഒന്നാം സ്ഥാനം നേടിയത്. 25000 രൂപയുടെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഉപഹാരവുമാണ് ലഭിച്ചത്. മഴക്കാലം തുടങ്ങിയാൽ ഒന്നോ രണ്ടോ ദിവസം മാത്രം കാണുന്ന അപൂർവം ഇനത്തിൽ പെടുന്ന തവളകളാണിത്.

ആൺവർഗമായ ഈ തവളകൾ പെൺ തവളകളുമായി ഇണ ചേരാനാണ് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചെത്തുന്നത്. ഇണചേരുന്ന നേരത്ത് ചുണ്ടിനു താഴെ നീല വർണ്ണത്തിൽ ബലൂൺപോലെ വീർപ്പിക്കാനും ഇവക്ക് കഴിയുന്നു. പിറ്റെ ദിവസം അവ എവിടെ പോയി മറയുന്നുവെന്ന് അറിയില്ല- സുജി പറഞ്ഞു. അധികമാർക്കും കഴിയാത്ത ആ അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിനൊപ്പം ആ കാത്തിരിപ്പിന് അംഗീകാരവും ലഭിച്ചതിൻറെ ആഹ്ളാദത്തിലാണ് സുജി.

Tags:    
News Summary - Suji also saw the yellow frog in the Kuttadan field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.