‘സ്ത്രീകളോട് മാത്രമല്ല പ്രണയം, ചെടികളോടും വാഹനങ്ങളോടും ആനകളോടും പ്രണയമുണ്ട്, എല്ലാം ചേർത്താണ് അയ്യായിരം...’; വിശദീകരണവുമായി ഗണേഷ് കുമാർ

പത്തനാപുരം: കുറഞ്ഞത് അയ്യായിരം പേരോടെങ്കിലും പ്രണയമുണ്ടെന്ന താന്‍റെ വാക്കുകൾ തെറ്റിദ്ധാരണക്ക് കാരണമായെന്ന് മന്ത്രി ഗണേഷ് കുമാർ. ചെടികളും വാഹനങ്ങളും ആനകളും ഒപ്പം സ്ത്രീകളും അടങ്ങുന്നതാണ് തന്‍റെ പ്രണയങ്ങളെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണെന്നുമുള്ള ഗണേഷിന്‍റെ പരാമർശം വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

പ്രണയമുണ്ടെന്ന് പറഞ്ഞത് സ്ത്രീകളോട് മാത്രമല്ല, എനിക്ക് ചെടികളോടും വാഹനങ്ങളോടും ആനകളോടും എല്ലാം പ്രണയമുണ്ട്. അതെല്ലാം ചേർത്താണ് അയ്യായിരം -ഗണേഷ് പറഞ്ഞു. എതിർ സ്ഥാനാർഥി തനിക്കെതിരെ അപഖ്യാതി പറഞ്ഞുപരത്തുകയാണ്. കെ.എസ്.ആർ.ടി.സിയെ അതിന്‍റെ തകർച്ചയിൽനിന്ന് രക്ഷിച്ചയാളാണ് താൻ. താനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ 2016ലും 2021ലും തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രണയം എന്നു പറയുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ മാത്രമല്ല. എനിക്ക് ചെടികളോട് സ്നേഹമുണ്ട്, ആനകളോട് സ്നേഹമുണ്ട്, പ്രകൃതിയോട് സ്നേഹമുണ്ട്, എനിക്ക് വാഹനങ്ങളോട് പ്രണയമുണ്ട്...ഇതെല്ലാം ചേർത്താണ് അയ്യായിരം. ശ്രീകൃഷ്ണന് 16,008 പ്രണയമുണ്ടെന്ന് പറഞ്ഞാൽ എല്ലാവരെയും വിവാഹം കഴിച്ചു എന്നല്ല അർഥം. ഇതെല്ലാം എന്‍റെ വ്യക്തിപരമായ കാര്യമാണ്’ -ഗണേഷ് കുമാർ വ്യക്തമാക്കി.

തന്നെ കൊണ്ട് ആർക്കും ബുദ്ധമുട്ടില്ലെന്നും ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. മന്ത്രിയെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ സ്റ്റാഫുകൾ ത‍ടഞ്ഞുവെന്നും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു. അടിയന്തര സഹായ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നും ആരോപിച്ചിരുന്നു.

വിവാദമായപ്പോൾ തന്നെ കുടുംബ പ്രശ്നമാണെന്ന നിലപാടാണ് ഗണേഷ് കുമാർ സ്വീകരിച്ചത്. തുടർന്ന് മന്ത്രി പദം നഷ്ടമാകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ഭാര്യയെ അനുനയിപ്പിച്ച് ഗണേഷ് കുമാർ‍ ഒപ്പം നിർത്തിയത്.

Tags:    
News Summary - Ganesh Kumar with explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.