Representative Image

നിലവാരമില്ലാത്ത ഗുളിക; മരുന്ന് കടയുടമയും നിർമ്മാണ കമ്പനിയും 30,000 രൂപ നൽകണം

ഗാന്ധിനഗർ: മോശം മരുന്ന് വിതരണം ചെയ്ത കടയുടമയും നിർമ്മാണ കമ്പനിയും ഉപഭോക്താവിന് 30,000 രൂപ നൽകണം. കോട്ടയം ഉപഭോക്തൃ കോടതിയുടേതാണ് വിധി. കൂടാതെ കേസിൻെറ വിധി വന്ന ദിവസം മുതൽ പണം ഉപഭോക്താവിന് നൽകുന്ന സമയം വരെ 9 ശതമാനം പലിശയും കൂടി നൽകണമെന്നും ഉത്തരവിട്ടു. ആർപ്പുക്കര പനമ്പാലം കൊച്ചു വീട്ടിൽ മെഡിക്കൽ ഷോപ്പിനെതിരെ 2017 ജൂൺ 26 ന് ആർപ്പുക്കര ഈസ്റ്റ് പള്ളി മാലിയിൽ പി.വി സുനിൽ നൽകിയ പരാതിയിലാണ് കോടതി വിധി.

ശരീരവേദനയും പനിയുമായി സുനിൽ കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിലെ ഡോക്ടറെ കണ്ടു. ഡോക്ടർ, മോക്സ്ക്ലാവ് (625 എം.ജി) എന്ന ആൻറിബയോട്ടിക് ഗുളിക നിർദ്ദേശിച്ചു. ലോട്ടറി വിൽപനക്കാരനായ സുനിൽ വീടിനു സമീപത്തെ മരുന്നു ഷോപ്പിൽ നിന്നു 5 ദിവസത്തേയ്ക്കുള്ള മരുന്നു വാങ്ങി. മരുന്നിൻെറ കവർ പൊട്ടിച്ചപ്പോൾ ഗുളികകൾ വിണ്ടു കീറിയ നിലയിൽ കാണപ്പെട്ടു. ഉടൻ മരുന്ന് ഷോപ്പ് ഉടമയെ സമീപിച്ചെങ്കിലും ഇത് അംഗീകരിക്കാതിരിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

കോടതി റീജണൽ ഡ്രഗ്സ് പരിശോധന ബോറട്ടിയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിട്ടു. പരിശോധനയിൽ 2019 വരെ കാലാവധി ഉണ്ടായിരുന്ന ഗുളിക ഗുണനിലവാരമില്ലാത്തതാണെന്നും, ഇതു കഴിച്ചാൽ പാർശ്വഫലമായി രോഗങ്ങൾ ഉണ്ടാകുമെന്നും കണ്ടെത്തി. ഇതേതുടർന്ന് സൺ ഫാർമസ്യൂട്ടിക്കൽ മദ്ധ്യപ്രദേശ് ഇൻഡസ്ട്രിയൽ ഏരിയ 3 എന്ന കമ്പനിയോടും മരുന്നു വില്പന നടത്തിയ കടയുടെ ഉടമയോടും നഷ്ടപരിഹാരം നൽകുവാൻ ഉത്തരവിടുകയായിരുന്നു. കോവിഡ് ആരംഭ ഘട്ടത്തിൽ നാലു രൂപ വിലയുള്ള മാസ്കിന് 25 രൂപ ഈടാക്കിയെന്ന പേരിലും ഈ മരുന്നു ഷോപ്പ് ഉടമയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.