വളാഞ്ചേരിയിൽ 40 ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടേതെന്ന്​ സംശയിക്കുന്ന മൃതദേഹം കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

വളാഞ്ചേരി : ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ കാണാതായ ഇരുപത്തിഒന്നുകാരിയുടെതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനടുത്തുള്ള തെങ്ങിൻ തോപ്പിൽ കണ്ടെത്തി. ചെങ്കൽ കോറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയനിലയിലായിരുന്നു. 40 ദിവസം മുമ്പ് കഞ്ഞിപ്പുര ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിനെ (21) ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് വീടിനടുത്ത ആളൊഴിഞ്ഞ ചെങ്കൽ ക്വാറിക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസെത്തി മണ്ണ് മാന്തി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ സ്ത്രീയുടെതെന്ന് സംശയിക്കുന്ന കാൽപാദം കാണുകയായിരുന്നു. മരണം കൊലപാതകമാണെന്ന സംശയം നില നിൽക്കുന്നുണ്ട്.

അതിനിടെ യുവതിയുടെ തിരോധനവുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന ചോറ്റൂർ സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. മൃതദേഹം പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കാൽ മാത്രമാണ് ഇപ്പോൾ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെ മൃതദേഹം പുറത്തെടുത്താൽ മാത്രമേ പൂർണ്ണമായും തിരിച്ചറിയാൻ കഴിയൂ. രാത്രിയായതിനാൽ തുടർ നടപടികൾ നിർത്തിവെച്ചു. ബുധൻ രാവിലെ മൃതദേഹം പുറത്തെടുക്കും. ജില്ല പോലീസ് ചീഫ്, തിരൂർ ഡി.വൈ.എസ്.പി കെ.എ. സുരേഷ് ബാബു, വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് പരിശോധനയിലൂടെയാണ് മൃതദേഹം കാണാതായ യുവതിയുടെ താണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.വെട്ടിച്ചിറയിലെ ഡെന്‍റല്‍ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫർഹതിനെ മാർച്ച് 10ന് മുതലാണ് കാണാതായത്. അന്ന് രാവിലെ ഒമ്പത് മണിക്ക് പതിവ് പോലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. വീട്ടിൽ നിന്നും അര കി.മീറ്ററോളം നടന്നു വേണം വട്ടപ്പാറക്കും കഞ്ഞിപ്പുരക്കും ഇടയിലുള്ള ബസ് സ്റ്റോപ്പിൽ എത്താൻ. ഏകദേശം 150 മീറ്ററോളം വഴിയരികിൽ വീടുകളൊന്നുമില്ല. വിജനമായ ഈ പാതക്ക് ശേഷം ഇവർ പോവുന്ന റോഡിന് സമീപമുള്ള വീട്ടിലെ സിസി ടിവിയിലും കാണാതായ ദിവസം യുവതി പോവുന്ന ദൃശ്യം പതിഞ്ഞിരുന്നില്ല.

ജോലി സ്ഥലത്ത് എത്തിയിട്ടില്ലയെന്നും ഫോണിൽ ലഭ്യവുമല്ലയെന്നും ക്ലിനിക്കിലെ ഡോക്ടർ വീട്ടിലേക്ക് വിളിച്ച് പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഏഴ് മാസത്തോളമായി യുവതി വെട്ടിച്ചിറയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്നു. വളാഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയും പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സുബീറയുടെ ഫോൺ വിശദാംശങ്ങൾ എന്നിവ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നുനുവെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കുകയും ചെയ്തിരുന്നു. തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ്​ കേസ് അന്വേഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.