പ്രിന്‍സിപ്പലിന്‍െറ കസേര കത്തിക്കല്‍:  അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്  ഗവേണിങ് കൗണ്‍സില്‍

കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ പങ്കുള്ള അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കാന്‍ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംഭവത്തില്‍ പങ്കുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനും കോളജുതല നടപടി സ്വീകരിക്കാനും കോളജ് കൗണ്‍സിലിനെ നിയോഗിക്കുകയും ചെയ്തു. കോളജിലെ അധ്യാപകരായ സന്തോഷ് ടി. വര്‍ഗീസ്, ഓമല്‍ അലോഷ്യസ്, സുമി ജോയ് ഒലിയപ്പുറം, ജൂലിയ ഡേവിഡ്, രോഹിണി നായര്‍, പി.വി. മത്തായി, കെ. ജയകുമാര്‍ എന്നിവര്‍ക്കും പുറത്തുനിന്ന് എത്തിയ അധ്യാപകരായ എസ്. അനില്‍കുമാര്‍, കെ.ആര്‍. ബിനോയ്, മാധവന്‍ നമ്പൂതിരി, പി. മധുസൂദനന്‍ എന്നിവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കുക. ഇവര്‍ ഇടതുപക്ഷ കോളജ് അധ്യാപകസംഘടനയായ എ.കെ.ജി.സി.ടി.എയിലെ അംഗങ്ങളാണ്. 

സംഭവം നടന്ന ജനുവരി 19ന് അനുമതിയില്ലാതെയാണ് പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ പ്രകടനം നടത്തിയത്. അതിനുശേഷം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ അതിക്രമിച്ചുകയറി കസേര പുറത്തെടുത്ത് തല്‍സ്ഥാനത്ത് എസ്.എഫ്.ഐ കൊടി നാട്ടിയെന്നും പടിഞ്ഞാറേ ഗേറ്റിന് സമീപത്ത് കത്തിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസേര കത്തിച്ചപ്പോള്‍ ഒരുഅധ്യാപകന്‍ കൂടെയുണ്ടായിരുന്നതായി സംശയമുണ്ട്. ഈ സമയത്ത് പ്രിന്‍സിപ്പലിന്‍െറ സുരക്ഷക്ക് എത്തിയ ആറുപൊലീസുകാര്‍ വിദ്യാര്‍ഥികളെ തടയാന്‍ ശ്രമിച്ചില്ളെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. 
സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലാവുകയും മൂന്നുപേരെ എസ്.എഫ്.ഐ പുറത്താക്കുകയും ചെയ്തിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണമുണ്ട്. 
 

Tags:    
News Summary - students set principal's chair on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.