ഇനി അസുരനും കൊമ്പനും വേണ്ട; ടൂറിസ്റ്റ് ബസ് ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ബുക്ക് ചെയ്ത് വിദ്യാർഥികൾ

പാലാ: ടൂറിസ്റ്റ് ബസ് അപകടത്തിൽ വിദ്യാർഥികൾ അടക്കം നിരവധി ജീവനുകൾ പൊലിഞ്ഞത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. വിദ്യാലയത്തിൽനിന്നും വിനോദയാത്രക്ക് പോയ ബസാണ് അമിത വേഗത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുമറിഞ്ഞത്. ഇതോടെ സ്വകാര്യ ബസുകളിൽ പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും വ്യാപക പരിശോധന നടത്തിവരികയാണ്.

വിനോദ യാത്രകൾക്ക് സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിക്കണം എന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. ആ അഭിപ്രായം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ ഒരു സ്ഥാപനം. പഠന, വിനോദയാത്ര കെ.എസ്.ആർ.ടി.സി ബസിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് വിളക്കുമാടം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾ. വടക്കഞ്ചേരി അപകടത്തെത്തുടർന്നാണ്, നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് ഒഴിവാക്കി യാത്ര സർക്കാർ വാഹനത്തിലേക്കു മാറ്റിയത്.

കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരും വിദ്യാർഥികളുടെ ആവശ്യത്തിനൊപ്പം ഉയർന്നു. പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് തന്നെ യാത്രക്കായി അനുവദിച്ചു. ബസിൽ സംഗീതത്തിനൊപ്പം അവർ ചുവടു വക്കുകയും പാട്ടു പാടുകയും ചെയ്തു. 30 കുട്ടികളും അഞ്ച് അധ്യാപകരുമാണ് വാഗമണ്ണിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നത്. കൂടുതൽ കലാലയങ്ങൾ ഈ ആവശ്യത്തിന് കെ.എസ്.ആർ.ടി.സിയെ സമീപിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ. 

Tags:    
News Summary - Students left the tourist bus and booked KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.