കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താംക്ലാസുകാരന് ഗുരുതര പരിക്ക്. താമരശ്ശേരിയിലെ ട്യൂഷൻ സെന്‍ററിന് സമീപമാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. എളേറ്റിൽ വട്ടോളിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷൻ സെന്‍ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി നടന്നിരുന്നു. പരിപാടിയിൽ എളേറ്റിൽ വട്ടോളിയിലെ സ്കൂളിലെ വിദ്യാർഥിയുടെ ഡാൻസിനിടെ പാട്ട് നിന്നുപോയതിനെ തുടർന്ന് താമരശ്ശേരിയിലെ സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു. ഇതോടെ, ഇരു സ്കൂളിലെ കുട്ടികളും തമ്മിൽ തർക്കമായി. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റിയാണ് രംഗം ശാന്തമാക്കിയത്.
എന്നാൽ, വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രകോപനം തുടർന്ന ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്‍ററിന് സമീപം വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരന് തലക്ക് സാരമായി പരിക്കേറ്റത്.
വീട്ടിലെത്തി തളർന്നു കിടന്ന കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഏറ്റുമുട്ടലിനെ കുറിച്ച് അറിഞ്ഞത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.