അധ്യാപകനെ മർദ്ദിച്ച സംഭവം; നാല് വിദ്യാർഥികൾക്കെതിരെ കേസ്

കഴക്കൂട്ടം: ചെമ്പഴന്തി എസ്. എൻ. കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ബിജുവിനെ വിദ്യാർഥികൾ മർദ്ദിച്ച സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാലു വിദ്യാർഥികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്. എൻ. കോളേജിലെ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥികളായ ആദിത്യൻ ,സെന്തിൽ, ശ്രീജിത്ത് സോഷ്യോളജി വിദ്യാർഥിയായ അശ്വിൻ നാഥ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

വാഹനം തടഞ്ഞുനിർത്തി അസഭ്യവർഷം പറഞ്ഞതിന് ശേഷം മർദ്ദിച്ചു എന്ന അധ്യാപകന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ചെയ്തത്. കോളേജിലെ സി.സി. ക്യാമറ ദൃശ്യം ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോൾ ഓഡിറ്റോറിയത്തിന് സമീപം വെച്ച് തൻ്റെ നേരെ നാല് വിദ്യാർഥികൾ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് അധ്യാപകൻ പറഞ്ഞു.

കോളേജിന്  അകത്തേക്ക് വിദ്യാർഥികളുടെ വാഹനം കടന്നു വരാൻ പാടില്ലാത്ത ഭാഗത്ത് തീർത്തും അപകടകരമായ രീതിയിൽ ഒരു ഇരുചക്ര വാഹനത്തിൽ നാലുപേർ ഒരുമിച്ച് യാത്ര ചെയ്തത് അധ്യാപകൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണം.

കാറിനുള്ളിൽ നിന്നും ബലം പ്രയോഗിച്ചു അധ്യാപകനെ വലിച്ചിറക്കാൻ ശ്രമിച്ചു. പുറത്തിറങ്ങിയ അധ്യാപകന്‍റെ വലത് കാലിൽ ചവിട്ടുകയും മുതുകിലും ഷോൾഡറിലും ഇടിക്കുകയും ചെയ്തു. കേരള സർവ്വകലാശാല സെനറ്റ് അംഗവും കൊമേഴ്സ് വിഭാഗം അധ്യാപകനുമായ ഡോ.എസ് സോജു, സൈക്കോളജി വിഭാഗം അധ്യാപകൻ ഡോ. അജിലാൽ, സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപിക സി. വീണ തുടങ്ങിയ അധ്യാപകരും നിരവധി വിദ്യാർഥികളുടെയും മുന്നിൽ വെച്ചായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന ഉടൻ തന്നെ അധ്യാപകൻ കോളേജ് പ്രിൻസിപ്പൽ ഡോ. എ.എസ് രാഖിക്ക് പരാതി നൽകിയ ശേഷം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - students beat up the teacher; Case against four students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.