സജി ചെറിയാന്‍റെ പ്രസ്താവന; കണക്കുകൾ നിരത്തി പൊളിച്ച് നെറ്റിസൻസ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ കണക്കെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയും രൂക്ഷ വിമർശനവും. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് നഗരസഭയിലും ജയിച്ചവരുടെ പേരുകൾ നോക്കിയാലറിയാം വർഗീയ ധ്രുവീകരണമുണ്ടോ എന്നായിരുന്നു മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള സജി ചെറിയാന്‍റെ പരാമർശം.

14 ജില്ലാ പഞ്ചായത്ത് ഭരണസമിതികളിലേക്കും വിജയിച്ചുവന്ന മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ കണക്കുകൾ നിരത്തിയാണ് സജി ചെറിയാന്‍റെ വിദ്വേഷ പരാമർശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവർക്കെല്ലാം പ്രാതിനിധ്യമുണ്ട്.

മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള ഭരണസമിതിയിൽ ആറ് പേർ മുസ്ലിംകളല്ലാത്തവരാണ്. ഇതിൽ രണ്ട് പേർ മുസ്ലിം ലീഗ് സ്ഥാനാർഥികളായി ജയിച്ചവരും. സംവരണമില്ലാത്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് എസ്.സി വിഭാഗത്തിൽ നിന്ന് ജയിച്ചുവന്ന അഡ്വ. എ.പി സ്മിജിയാണ്. എന്നാൽ 23 ജില്ലാ പഞ്ചായത്ത് അംഗങ്ങളുള്ള കോട്ടയത്ത് ഒരാൾ പോലും മുസ്ലിം സമുദായത്തിൽ നിന്നില്ല. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെല്ലാം ജയിച്ചവരിൽ ഒരാൾ വീതം മാത്രമാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളത്.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ നാല് പേർ വീതമാണ് മുസ്ലിം പ്രാതിനിധ്യം. ഇതിന് പുറമെ മുസ്ലിം പ്രാതിനിധ്യമില്ലാതെ സി.പി.എം ഭരിക്കുന്ന ഒട്ടേറെ ഗ്രാമപഞ്ചായത്തുകളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. സജി ചെറിയാൻ ഉയർത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിന് കണക്ക് നിരത്തിയുള്ള മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

14 ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 346 അംഗങ്ങളിൽ 81 പേരാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളത്. ഇതിൽ 66 പേരും യു.ഡി.എഫിൽ നിന്നാണെങ്കിൽ 15 പേർ മാത്രമാണ് എൽ.ഡി.എഫ് പ്രാതിനിധ്യമെന്ന കണക്കും പുറത്തുവരുന്നു. കണ്ണൂർ ഉൾപ്പെടെ സി.പി.എം ആധിപത്യം നിലനിൽക്കുന്ന പല ജില്ലകളിലും പാർട്ടിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പട്ടികയിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളത്. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരുടെ മതം തിരയുന്നതിനെതിരെയും രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. 

Tags:    
News Summary - Saji Cherian's statement; Netizens break down the figures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.