തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ വിവാദമായ മലപ്പുറം പരാമർശം തള്ളാനോ കൊള്ളാനോ കഴിയാത്ത സങ്കീർണാവസ്ഥയിൽ സി.പി.എം. മന്ത്രിയെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ന്യായീകരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നേതൃത്വം.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള കാരണങ്ങളിലൊന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ അകന്നതാണെന്ന വിലയിരുത്തിലുകളെ തുടർന്ന് അനുനയത്തിനും മുഖഛായ മാറ്റത്തിനും ശ്രമിക്കുന്നതിനിടെയാണ് സജി ചെറിയാന്‍റെ കൈവിട്ട വാക്കുകൾ.
ഗൃഹസന്ദർശന കാമ്പയിനിൽ സി.പി.എം മുസ്ലിം വിരുദ്ധമാണോ എന്ന ചോദ്യമുയർന്നാൽ പൗരത്വ നിയമത്തിലെ സമീപനവും കോഴിക്കോട് ഹജ് ഹൗസിൽ സ്ത്രീകൾക്ക് പ്രത്യേക ബ്ലോക്കും മുതൽ മദ്റസ അധ്യാപക ക്ഷേമനിധി വരെ അക്കമിട്ട് വിശദീകരിക്കാൻ മാർഗരേഖ തയാറാക്കി കൈമാറിയിരുന്നു. ഇത്തരം ഗൃഹസന്ദർശനം സംസ്ഥാന വ്യാപകമായി പുരോഗമിക്കുമ്പോഴാണ് ഉത്തരം മുട്ടിക്കുംവിധമുള്ള മന്ത്രിയുടെ കലമുടക്കൽ.
പ്രതിപക്ഷ നേതാവിനെതിരെ സമുദായ നേതാക്കൾ നടത്തിയ വിമർശനം പരോക്ഷമായി സി.പി.എമ്മിന് ഗുണം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചെങ്കിൽ മന്ത്രിയുടെ പരാമർശങ്ങളോടെ ശ്രദ്ധമാറിയെന്ന് മാത്രമല്ല വിവാദങ്ങൾ തിരിച്ചടിക്കുകയും ചെയ്തു. വിവാദത്തെ കുറിച്ച ചോദ്യങ്ങളിൽ നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒഴിഞ്ഞുമാറിയത് പരമാർശങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയതിന്‍റെ ആഴം വ്യക്തമാക്കുന്നു.
വിവാദത്തിന് പിന്നാലെ ‘സി.പി.എമ്മും സംഘ്പരിവാറും തമ്മില്‍ എന്ത് വ്യത്യാസം’ എന്ന വിമർശനമുന്നയിച്ച് പ്രതിപക്ഷം ഒന്നടക്കം രംഗത്തെത്തിയതും സി.പി.എമ്മിനെ കുഴക്കുന്നു. ‘പേര് നോക്കി വിജയികളെ വിലയിരുത്തുക’ എന്ന പ്രസ്താവന നരേന്ദ്രമോദിയുടെ വേഷം നോക്കി തിരിച്ചറിയൽ പരാമർശം പോലെ ഗുരുതരമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.