കൊച്ചി: രാജ്യത്ത് ആശയപരമായ നിശ്ശബ്ദത അടിച്ചേല്‍പിക്കാനാണ് ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ശ്രമമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ശബ്ദിക്കുന്ന, അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യർക്ക് പകരം സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് അടിമപ്പെടുന്ന ജനതയെയാണ് അവർ ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥികളായി ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി കെ.പി.സി.സി മറൈൻഡ്രൈവിൽ സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മനുഷ്യരെ നിശ്ശബ്ദരാക്കാന്‍ അവർക്ക് കഴിയില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് പോലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും അത് രാജ്യത്തോട് ഉറക്കെ വിളിച്ചുപറയും. നിശ്ശബ്ദതയുടെ സംസ്കാരത്തെ ഇവിടെ വളരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ്, ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.സി. വേണുഗോപാൽ എം.പി, വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കർണാടക മന്ത്രി കെ.ജെ. ജോർജ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, ശശി തരൂർ എം.പി, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ഷാനിമോൾ ഉസ്മാൻ എന്നിവർ സംസാരിച്ചു.
കളമശ്ശേരി: ഡോ. എം. ലീലാവതി കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ അഭിമാനത്തിന്‍റെ വലിയ ചിഹ്നമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കളമശ്ശേരിയിൽ പ്രഫ. എം. ലീലാവതിക്ക് പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 98 വയസ്സുള്ള ടീച്ചർ പുലർച്ച മൂന്ന് മണിക്ക് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുമെന്നും നമുക്കെല്ലാം ഊർജമാണ് അവരുടെ ജീവിതമെന്നും രാഹുൽ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്ന് പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രഫ. എം. ലീലാവതി പറഞ്ഞു. രാഹുലും പ്രിയങ്ക ഗാന്ധിയും രാജ്യം ഭരിക്കുന്ന നാളുകൾ ഉടനുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. അവാർഡ് തുകയായ ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകുകയാണെന്നും ടീച്ചർ ചടങ്ങിൽ പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 1.50 ഓടെ കോൺഗ്രസ് നേതാക്കൾക്കൊപ്പം കളമശ്ശേരിയിൽ ചടങ്ങ് നടക്കുന്നിടത്ത് എത്തിയ രാഹുൽ സമീപത്തെ ലീലാവതി ടീച്ചറുടെ വീട്ടിലേക്കാണ് ആദ്യം പോയത്. പത്ത് മിനിറ്റ് അവരുമായി സംസാരിച്ചു. തുടർന്ന് ടീച്ചർക്കൊപ്പം വേദിയിലെത്തിയ രാഹുൽ അവരെ തിരികെ വീട്ടിലെത്തിച്ച ശേഷമാണ് മടങ്ങിയത്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി. പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും സംബന്ധിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു സ്വാഗതവും നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.