'ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്'; പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പുചോദിച്ചു; സസ്പെൻഷൻ പിൻവലിച്ചേക്കും

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചെടുത്ത സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പുചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് അധ്യാപകൻ അറിയിച്ചതോടെ സസ്പെൻഷൻ നടപടി ഉണ്ടാകില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലക്കാട് ആനക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ക്ലാസിലേക്ക് കൊണ്ടുവന്ന മൊബൈൽഫോൺ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു വിദ്യാർഥിയുടെ പ്രകോപനം.

അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തുവന്നതുൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.

എന്നാൽ, അധ്യാപകർ പകർത്തിയ ദൃശ്യം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിൻസിപ്പൽ അനിൽകുമാർ പറഞ്ഞു.

താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിൻസിപ്പൽ പറഞ്ഞു.

വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും മാപ്പുപറഞ്ഞതോടെ അത്തരം അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്ന് പ്രിൻസിപ്പലും സ്കൂൾ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Student who threatened principal apologizes; suspension may be lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.