തിരുവനന്തപുരം: തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളില്‍ വൈകിയെത്തിയതിന് വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയെന്ന പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ ഒരു സ്കൂളിലും കുട്ടികൾക്കെതിരായ വിവേചനം അനുവദിക്കില്ല. പരാതി ഉയർന്ന സ്കൂൾ സ്റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്നതല്ല എന്നാണ് മനസ്സിലാകുന്നത്. ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ അധ്യാപകനോ മാനേജ്മെന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസിക നിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.