മലപ്പുറം: എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർവാഹന വകുപ്പ്. പ്രാഥമിക അന്വേഷണത്തിൽ അധ്യാപിക അശ്രദ്ധമായി വാഹനം ഓടിച്ചാണ് അപകടം വരുത്തിയതെന്ന റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അപകടം വരുത്തിയ കാറോടിച്ച അധ്യാപിക ബീഗത്തിന്‍റെ ഫോർവീൽ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ജൂൺ 19 മുതൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതതെന്ന് മലപ്പുറം ആർ.ടി.ഒ ബി. ഷെഫീഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പനങ്ങാങ്ങര സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി മിർഷ ഫാത്തിമക്കാണ് സ്കൂൾ കോമ്പൗണ്ടിൽവെച്ച് അപകടത്തിൽ പരിക്കേറ്റത്. സ്കൂൾ വിട്ട് കുട്ടികൾ നടന്നുപോകവെ പിറകിൽ നിന്നെത്തിയ കാർ മിർഷയെയും സമീപത്തെ മതിലിലും ഇടിക്കുകയുമായിരുന്നെന്നാണ് വിദ്യാർഥികളുടെ മൊഴി.
കാലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി നിലവിൽ കോയമ്പത്തൂരിൽ ചികിത്സയിലാണ്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബമയാതിനാൽ ബന്ധുക്കളുമാതയി നടത്തിയ ചർച്ചക്ക് ശേഷം കുട്ടിയുടെ ചികിത്സ ചിലവ് അധ്യാപികയും സ്കൂളും ചേർന്ന് വഹിക്കാമെന്ന ധാരണയിലെത്തിയിട്ടുണ്ട്. വിദ്യാർഥിനി അപകത്തിൽപ്പെട്ടതിൽ കഴിഞ്ഞദിവസം സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. അപകടത്തിൽ മലപ്പുറം പൊലീസ് അധ്യാപികക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.