കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു; ആരോഗ്യ വകുപ്പിലെ 10 വർഷത്തെ ഇടപാടുകൾ അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ പർച്ചേസുകളിൽ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനം. മെഡിക്കൽ കോളജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും ഉപയോഗിക്കാത്തതുസംബന്ധിച്ച പരാതികളുടെയും നേരിൽ മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

എല്ലാ ജില്ലകളിലും അന്വേഷണം നടത്തും. സാമ്പത്തിക കാര്യങ്ങൾ ധനവകുപ്പും പരിശോധിക്കും. ക്രമക്കേടുകൾ കണ്ടെത്തിയാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോക്ക് കൈമാറും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നകാലത്ത് ഇത്രയധികം ഉപകരണങ്ങൾ എന്തിന് വാങ്ങിക്കൂട്ടിയെന്നത് കണ്ടെത്തണം. കമീഷൻ ലക്ഷ്യമിട്ടുള്ള പർച്ചേസുകളാണ് നടന്നതെന്ന ആക്ഷേപങ്ങളിൽ വ്യക്തവരുത്തേണ്ടതുണ്ട്. തകർന്ന സിസ്റ്റത്തെ ശരിയാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. മൊബൈൽ മോർച്ചറികൾ, ഓട്ടോ ക്ലേവ് മെഷീൻ, ഓക്സ‍ിജൻ കോൺസൻട്രേറ്റർ തുടങ്ങിയവ ഉപയോഗ്യശൂന്യമായി കിടക്കുകയാണ്.

പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പർച്ചേസും അന്വേഷിക്കും. കേന്ദ്രപദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ട് ഉപയോഗിച്ചുള്ള പർച്ചേസുകളും കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും.

വയനാട് മെഡിക്കൽ കോളേജിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികൾ വിലയുള്ള ഉപകരണങ്ങൾ ഗോഡൗണിൽ തള്ളി. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്‍പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ ഓട്ടോ ക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് ലഭിച്ച രണ്ട് ഓക്സ‍ിജൻ കോൺസൻട്രേറ്റർ മെഷീനുകൾ പ്രവർത്തനസജ്ജമല്ലാതെ കിടക്കുന്നു. പേരൂർക്കട ജില്ല മാതൃകാ ആശുപത്രിയിൽ 100 കെ.വി സോളാർ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ഇവിടെ ജനറേറ്റർ വാങ്ങിയെങ്കിലും പ്രവർത്തനസജ്ജമാക്കിയില്ലെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Crores Worth Medical Equipment Lying Unused: Health Minister Orders Probe Into 10 Years of Purchases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.