കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) സംസ്ഥാന സമ്മേളന സമാപനം അങ്കമാലിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി: ആഭരണ വ്യാപാര രംഗത്തെ വഞ്ചനകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സമാന്തരവും അനധികൃതവുമായ സ്വർണവ്യാപാരം അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. അങ്കമാലിയിൽ മൂന്ന് ദിവസമായി നടന്നുവന്ന കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗോൾഡ് ഹബ് സ്ഥാപിക്കാൻ ബജറ്റിൽ 10 കോടി അനുവദിച്ചിട്ടുണ്ടെന്നും ഈ വർഷം തന്നെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ട്രഷറർ സി.വി. കൃഷ്ണദാസ് ഗോൾഡ് ഹബിന്റെ കരട് റിപ്പോർട്ട് അവതരിപ്പിച്ചു. നികുതി സംവിധാനത്തിലെ ചോർച്ച രാജ്യത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രജിസ്ട്രേഷനില്ലാതെ സ്വർണവ്യാപാരം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസറും പറഞ്ഞു.
വർക്കിങ് പ്രസിഡന്റ് പി.കെ. ഐമു ഹാജി, സി.വി. കൃഷ്ണദാസ്, ബി. പ്രേമാനന്ദ്, എം. വിനീത്, സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, എസ്. പാലനി, അഹമ്മദ് പൂവിൽ, എം.സി. ദിനേശൻ, നിതിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. സിനിമ താരം നമിത പ്രമോദ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.