ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന

തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണ ജോര്‍ജ്. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ന്യൂ ഇയര്‍ വിപണികളിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സാമ്പിളുകൾ പരിശോധനക്കയയ്ച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. വീഴ്ചകള്‍ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 123  സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.

ദക്ഷിണ മധ്യമേഖലകളിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമീഷണര്‍ അജി എസ്. എന്നിവരും ഉത്തര മേഖലയിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ജോസഫ് കുര്യാക്കോസ് എന്നിവരും നേതൃത്വം നല്‍കി.

 ക്രിസ്തുമസ് - പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനകളും നടന്നു. കേക്ക്, വൈന്‍, ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന തുടങ്ങി.

Tags:    
News Summary - Stronger inspection led by Special Task Force to ensure safety of chicken dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.