തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. വിദ്യാർഥി സംഘടന എന്ന നിലയിൽ പല ഘട്ടങ്ങളിലും സാമൂഹിക വിചാരണക്ക് വിധേയമാകുന്ന സാഹചര്യമുണ്ടായെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. കാമ്പസിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലായിരുന്നു ഈ പ്രതിസന്ധികൾ. ഇത്തരം വിചാരണകൾക്ക് ഇടവരുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ നേതൃത്വത്തിന് കഴിഞ്ഞില്ല.
റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തകർ പ്രതി ചേർക്കപ്പെടുകയും സംഘടന തന്നെ സാമൂഹികമായി ഒറ്റപ്പെടുകയും ചെയ്യുന്ന ഒന്നിലധികം സംഭവങ്ങളുണ്ടായി. ഈ സാഹചര്യങ്ങൾ മറ്റ് സംഘടനകൾ ഉപയോഗപ്പെടുത്തി.
അവകാശ പോരാട്ടങ്ങളും സേവനവും സാംസ്കാരിക പ്രവർത്തനവുമടക്കം സമഗ്രമായ അടയാളങ്ങളാണ് മുൻകാലങ്ങളിൽ എസ്.എഫ്.ഐ കാമ്പസുകളിൽ തീർത്തിട്ടുള്ളത്. സമരങ്ങൾക്കും അവകാശ പോരാട്ടങ്ങൾക്കും പരിമിതികൾ വന്നതോടെ സാംസ്കാരിക സംഘടനയായി പ്രവർത്തനങ്ങൾ പരിമിതപ്പെട്ടു. അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പതിവ് പ്രകടനങ്ങളിൽ പ്രവർത്തനങ്ങൾ ചുരുങ്ങി.
സർക്കാറിന്‍റെ പ്രവർത്തനങ്ങളെ ന്യായീകരിക്കേണ്ടി വന്നതോടെ ഇടപെടലുകളിലെ മൂർച്ച കുറഞ്ഞു. സംഘടനയുടെ ഒറ്റപ്പെട്ട വീഴ്ചകൾ വലിയ തോതിൽ മാധ്യമ വാർത്തകളായി. കാമ്പസിലെ ചെറിയ വിഷയങ്ങൾ പോലും പർവതീകരിക്കപ്പെട്ടു. ഇതിനെക്കാൾ രൂക്ഷമായ വിഷയങ്ങൾ മറ്റു സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും മാധ്യമങ്ങളാൽ അവരാരും ആക്രമിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ജാഗ്രത പുലർത്തുന്നതിൽ വീഴ്ചയുണ്ടായി.
സ്വകാര്യ സർവകലാശാലകൾക്കെതിരെ എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ സ്വകാര്യ സർവകലാശാലകളെ ന്യായീകരിക്കേണ്ട നിർബന്ധിതാവസ്ഥയാണ്. ഡിജിറ്റൽ തെളിവുകൾ വലിയ തോതിൽ സ്വാധീനിക്കപ്പെടുന്ന സമൂഹ മാധ്യമകാലത്ത് പഴയ നിലപാടുകളും സമരങ്ങളും വിശദീകരിച്ച് വിയർക്കേണ്ടിവരുമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
യൂനിവേഴ്സിറ്റികളിൽ എതിർ വിദ്യാർഥി സംഘടനകളെ മാത്രമല്ല, സംഘ്പരിവാർ വിധേയത്വമുള്ള വൈസ് ചാൻസലർമാരെയും നേരിടേണ്ടി വരുന്നതാണ് പുതിയ സാഹചര്യം. ഇതിനനുസരിച്ച് സംഘടനയുടെ ഭാവി ഊന്നലുകളും പ്രവർത്തന പരിപാടികളും പുനഃക്രമീകരിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.