തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.
ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കും. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാന്‍ഡേര്‍ഡില്‍ വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകള്‍ ശക്തമായി തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഇന്നലെവരെ 9,005 പരിശോധനകളാണ് നടത്തിയത്. 382 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1230 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 6278 പരിശോധനകള്‍ നടത്തി. 28,692 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. 181 പേര്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 1539 പരിശോധനകള്‍ നടത്തി. പഴകിയ എണ്ണ കണ്ടെത്താനായി 665 പരിശോധനകള്‍ നടത്തി. 1558 ജൂസ് കടകള്‍ പരിശോധിച്ചുവെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.