കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി. ഉത്സവത്തിന് രണ്ട് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി ഉണ്ടായിരുന്നു. ഇന്ന് തന്നെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വനംമന്ത്രി ശശീന്ദ്രന് സമർപ്പിക്കുമെന്നും അവർ പറഞ്ഞു.
ആനകളെ ആവശ്യത്തിന് അകലം പാലിച്ചാണ് നിർത്തിയതെന്നാണ് ജീവനക്കാരുടെ മൊഴി. ഇക്കാര്യത്തിൽ ഉൾപ്പടെ പരിശോധനയുണ്ടാകുമെന്നും അവർ പറഞ്ഞു. ക്ഷേത്രം സന്ദർശിച്ച ഫോറസ്റ്റ് കൺസർവേറ്റർ ആശുപത്രിയിലെത്തി അപകടത്തിൽ പരിക്കേറ്റവരേയും കണ്ടു.
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളാണ് വിരണ്ടത്. സംഭവത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചിരുന്നു. 23 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴെ ലീല (68), താഴത്തേടത്ത് അമ്മു അമ്മ (78), വടക്കയില്‍ രാജന് (68) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉത്സവം നിര്‍ത്തിവെച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഉത്സവ എഴുന്നള്ളിപ്പിനിടെ വൈകീട്ട് 5.45ഓടെയാണ് ഗുരുവായൂരില്നിന്നെത്തിച്ച പീതാംബരന്, ഗോകുല്‍ എന്നീ ആനകൾ ഇടഞ്ഞത്. കുറുവങ്ങാട് ശിവക്ഷേത്രത്തില്‍നിന്ന് മണക്കുളങ്ങര ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് ആനകളെ സജ്ജമാക്കുന്നതിനിടെയാണ് പീതാംബരന് എന്ന ആന ആദ്യം ഇടഞ്ഞത്.
ആനകളുടെ പുറത്ത് തിടമ്പേറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആനപ്പുറത്തിരുന്ന കുറച്ചുപേര്‍ ചാടി രക്ഷപ്പെട്ടു. എന്നാല്‍, ഇറങ്ങാന്‍ കഴിയാത്ത രണ്ടുപേരെയുംകൊണ്ട് ആന കുറെ നേരം ഓടി. ക്ഷേത്രത്തിലേക്കുള്ള വരവിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് ആന വിരണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പീതാംബരന് എന്ന ആന ഗോകുലിനെ കുത്തിയതോടെ രണ്ടാനകളും ഓടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.