തിരുവല്ല: തിരുവല്ലയിലെ പൊടിയാടിയിൽ തെരുവുനായ് കൂട്ടം ആടുകളെ കടിച്ചുകീറി. രണ്ട് ആടുകൾക്ക് സാരമായി പരിക്കേറ്റു. നെടുമ്പ്രം 11ാം വാർഡിൽ പൊടിയാടി ഞാറക്കാട്ട്ശ്ശേരിൽ വീട്ടിൽ കുഞ്ഞുമോൾ - തങ്കച്ചൻ ദമ്പതികൾ വളർത്തുന്ന നാലുമാസം പ്രായമുള്ള മുട്ടനാടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ആടിൻറെ വൃഷണം നായ്ക്കൂട്ടം കടിച്ചെടുത്തു. മറ്റൊന്നിന്റെ ഇടതുകാലിന്‍റെ തുടഭാഗം കടിച്ചുപറിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പുരയിടത്തിൽ പുല്ലു മേയാനായി തള്ളയാടിനൊപ്പം കെട്ടിയിരുന്ന ആടുകളാണ് തെരുവുനായ് കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് കുഞ്ഞുമോൾ വടിയുമായി എത്തി. ഇത് കണ്ട് നായ്ക്കൂട്ടം ഓടിപ്പോവുകയായിരുന്നു.
മൃഗ ഡോക്ടറുടെ നിർദേശപ്രകാരം മുറിവ് വന്ന ഭാഗങ്ങൾ മരുന്ന് വെച്ച് കെട്ടി. രണ്ട് ആടുകളെയും ഇന്ന് മൃഗാശുപത്രിയിൽ എത്തിച്ച് കൂടുതൽ ചികിത്സ നൽകും. വൃഷണത്തിൽ പരിക്കേറ്റ ആടിനെ മൃഗാശുപത്രിയിൽ എത്തിച്ച് വൃഷണം പൂർണമായും നീക്കം ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്.
വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിൽ കെട്ടിയിരുന്ന അമ്മിണിയുടെ പൂർണ്ണ ഗർഭിണിയായ ആടിനെ ഒരു മാസം മുമ്പ് തെരുവുനായ്ക്കൂട്ടം കടിച്ചുകീറി കൊന്നിരുന്നു. കുടുംബത്തിന്‍റെ ഉപജീവനമാർഗ്ഗമായ ആടുകൾക്ക് നേരെ തെരുവുനായ്കളുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആടുവളർത്തൽ തന്നെ പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.