മൂന്നാറിൽ തെരുവുനായ്​ ആക്രമണം: സഞ്ചാരികളടക്കം ഇരുപതോളം പേർക്ക്​ കടിയേറ്റു

മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് തെരുവുനായ്​ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11ഓടെയാണ്​ സംഭവം. മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ്​ തെരുവുനായ്​ ആക്രമണം​. മൂന്നാർ സന്ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെയുള്ളവർ, മൂന്നാറിലെ വ്യാപാരികൾ, പ്രദേശവാസികൾ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

മൂന്നാർ സ്വദേശി ശക്തിവേൽ (42), ദേവികുളം സ്വദേശികളായ സെൽവമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), ചെന്നൈ സ്വദേശി ത്യാഗരാജൻ (36), ബൈസൺവാലി സ്വദേശി സ്കറിയ (68), അർച്ചന (13), പാലക്കാട് സ്വദേശി വിനീത് (46), പറവൂർ സ്വദേശിനി അഞ്ജു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാൻ ഷമീർ (17) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

മൂന്നാർ ടൗണിന് പരിസരപ്രദേശങ്ങളായ പെരിയാവാര സ്റ്റാൻഡ്, മൂന്നാർ കോളനി, രാജമല ഉൾപ്പെടെ തെരുവുനായ്​ ആക്രമണം നടത്തിയതായി പരിക്കേറ്റവർ പറഞ്ഞു. അടിമാലി താലൂക്കാശുപത്രിയില്‍ പേവിഷ പ്രതിരോധത്തിനായുള്ള വാക്‌സിന്‍ ലഭ്യമാക്കി. മൂന്നാര്‍ ടൗണില്‍ തെരുവുനായ്​ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. വിനോദ സഞ്ചാരികളടക്കം തെരുവുനായ്ക്കളെ ഭയന്നാണ് ടൗണിലൂടെ സഞ്ചരിക്കുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും മൂന്നാര്‍ ടൗണിലെ തെരുവുനായ്​ ശല്യം നിയന്ത്രിക്കാത്തത് ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതര വീഴ്ചയാണ്.

Tags:    
News Summary - Stray dog ​​attack in Munnar: Around twenty people, including tourists, were bitten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.