Representational Image
കൊച്ചി: മലയാളമറിയാത്ത പ്രതിയുടെ മൊഴി ദ്വിഭാഷിയുടെ സഹായത്തോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി രേഖപ്പെടുത്തിയത് തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈകോടതി. പശ്ചിമബംഗാൾ സ്വദേശി പ്രദീപ് റോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി സനത് റോയിക്ക് തൃശൂർ അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. വിചാരണ വേളയിൽ ദ്വിഭാഷിയെ വിസ്തരിച്ചിട്ടില്ലെന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.
കുന്നംകുളം ആലിൻതൈയിൽ ഹോളോബ്രിക്‌സ് സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന പ്രദീപ് 2012 മാർച്ച് 11നാണ് കൊല്ലപ്പെട്ടത്. പ്രദീപിന്റെ പരിചയക്കാരനായ സനത് റോയി പണം തട്ടിയെടുക്കാൻ കൊല നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രദീപിന്റെ പഴ്‌സ്, മൊബൈൽ ഫോൺ, കൊല നടത്താനുപയോഗിച്ച ആയുധം തുടങ്ങിയവ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രദീപിനെ താൻ കൊലപ്പെടുത്തിയതാണെന്ന് സനത് മൊഴിയും നൽകി. ബംഗാളി ഭാഷയറിയാവുന്ന ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. സനത് റോയി നൽകിയ മൊഴി ഈ ഉദ്യോഗസ്ഥനാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഈ മൊഴിയടക്കം കണക്കിലെടുത്താണ് തൃശൂർ അഡീ. സെഷൻസ് കോടതി 2018ൽ ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രതിയുടെ മൊഴി പരിഭാഷപ്പെടുത്തി മലയാളത്തിൽ രേഖപ്പെടുത്തിയത് തെളിവുനിയമപ്രകാരം സ്വീകാര്യമല്ലെന്ന ഹരജിയിലെ വാദം അംഗീകരിച്ചാണ് ശിക്ഷ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.