തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്ക്

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗബാധിതരെ ഐസോലേഷന്‍ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് ഈ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കിയിരുന്നു.

കിഫ്ബി ധനസഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 34.74 കോടി രൂപയുടേയും കോഴിക്കോട് മെഡിക്കല്‍ കോളജിന് 34.92 കോടി രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയത്. കോവിഡ് പോലെയുള്ള മഹാമരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക ഐസോലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നത്. സമ്പൂര്‍ണമായി പൂര്‍ത്തീകരിച്ച 10 എണ്ണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അടുത്തിടെ നിര്‍വഹിച്ചിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്തെ രണ്ട് പ്രമുഖ മെഡിക്കല്‍ കോളജുകളില്‍ വിപുലമായ സംവിധാനങ്ങളോടെ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 50 കിടക്കകളുള്ള ഐസൊലേഷന്‍ ബ്ലോക്കാണ് സ്ഥാപിക്കുന്നത്. 3500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒ.പി വിഭാഗം, വാര്‍ഡുകള്‍, ഐസോലേഷന്‍ യൂനിറ്റുകള്‍, പരിശോധനാ സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 40 കിടക്കകളുള്ള ഐസൊലേഷന്‍ ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്. 3600 സ്‌ക്വയര്‍ മീറ്ററില്‍ മൂന്ന് നില കെട്ടിടമാണത്.

ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, ബൈസ്റ്റാന്‍ഡര്‍ വെയ്റ്റിംഗ് ഏരിയ, പ്രീ ആന്റ് പോസ്റ്റ് സാംപ്ലിംഗ് ഏരിയ, ഫാര്‍മസി, കണ്‍സള്‍ട്ടേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, സ്‌ക്രീനിംഗ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ബൈസ്റ്റാന്‍ഡര്‍ വെയ്റ്റിംഗ് ഏരിയ, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, ഡോക്‌ടേഴ്‌സ് ലോഞ്ച് എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, പ്രൊസീജിയര്‍ റൂം എന്നിവയുമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Tags:    
News Summary - State-of-the-art isolation block at Thiruvananthapuram and Kozhikode Medical Colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.